ട്രംപിൻ്റെ താരിഫ് ഭീഷണി കാനഡയിലെ നിക്ഷേപങ്ങളെ പിന്നോട്ടിക്കുന്നതായി റിപ്പോർട്ട്

By: 600110 On: Feb 17, 2025, 2:28 PM

കാനഡയ്ക്കുമേൽ താരിഫുകൾ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡൻ്റ്  ഡോണൾഡ് ട്രംപിൻ്റെ ഭീഷണി രാജ്യത്തെ  നിക്ഷേപങ്ങളെ പിന്നോട്ടിക്കുന്നതായി റിപ്പോർട്ട്. താരിഫുകളുമായി ബന്ധപ്പെട്ട ഭീഷണി ഇതിനകം തന്നെ വിപണിയിൽ സ്വാധീനം ചെലുത്തിത്തുടങ്ങി. ഇതിൻ്റെ ഫലമായി നേരത്തെ തന്നെ ദുർബലമായിരുന്ന നിക്ഷേപസ്ഥിതി കൂടുതൽ ദുർബലമാവുകയാണന്നാണ് വിദഗ്ദ്ധർ പറയുന്നത്. 

താരിഫുകൾ യാഥാർഥ്യമാകുമോ ഇല്ലയോ എന്നത് വേറെ കാര്യം. അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ  ഇപ്പോൾ തന്നെ രാജ്യത്തെ ബാധിച്ച് കഴിഞ്ഞെന്ന്  മക്മാസ്റ്റർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും മുൻ ഓട്ടോ ഇൻഡസ്ട്രി എക്സിക്യൂട്ടീവുമായ ഗ്രെയ്ഗ് മോർഡ്യൂ പറഞ്ഞു. കുറഞ്ഞത് അടുത്ത നാല് വർഷത്തേക്ക്, കനേഡിയൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ കാര്യമായ നിക്ഷേപം ഉണ്ടാകില്ലെന്നും മോർഡ്യൂ പറഞ്ഞു. താരിഫുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനില്ക്കുന്ന അനിശ്ചിതത്വവും ആശങ്കകളും നിക്ഷേപത്തെ വലിയ രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഇത് സംഭവിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറച്ചപ്പോൾ, പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയതും കാനഡയിലെ ബിസിനസ് നിക്ഷേപത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു.