സക്കർബർഗിന്‍റെ ഹ്യൂമനോയിഡുകള്‍ വരുന്നു

By: 600007 On: Feb 17, 2025, 12:00 PM

 

കാലിഫോര്‍ണിയ: മാർക്ക് സക്കർബർഗിന്‍റെ ഉടമസ്ഥതയിലുള്ള മെറ്റ ഹ്യൂമനോയിഡ് റോബോട്ടുകൾക്കായി ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും വികസിപ്പിക്കുന്നതായി റിപ്പോർട്ട്. മെറ്റയുടെ റിയാലിറ്റി ലാബ്‌സ് ഡിവിഷനിൽ രൂപീകരിച്ച ഒരു പുതിയ ടീം വീട്ടുജോലികളിൽ സഹായിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്കായുള്ള ഹാർഡ്‌വെയര്‍ നിര്‍മിക്കാന്‍ തുടങ്ങുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യരെപ്പോലെ പ്രവർത്തിക്കാനും ശാരീരിക ജോലികളിൽ സഹായിക്കാനും കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് റോബോട്ടുകൾ എന്ന വിഭാഗത്തില്‍ മെറ്റ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്.

റോബോട്ടുകൾക്കായുള്ള അടിസ്ഥാന എഐ സെൻസറുകൾ, സോഫ്റ്റ്‌വെയർ എന്നിവ വിവിധ കമ്പനികൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യും എന്ന് മെറ്റാ പറയുന്നു. കൂടാതെ, മെറ്റ ബ്രാൻഡഡ് ഹ്യൂമനോയിഡ് നിർമ്മിക്കുന്നതിനായി യൂണിട്രീ റോബോട്ടിക്സ്, ഫിഗർ എഐ തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇതിനർഥം മെറ്റ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു റോബോട്ട് തുടക്കത്തിൽ പുറത്തിറക്കിയേക്കില്ല എന്നാണ്. എന്നാൽ സ്‍മാർട്ട്‌ഫോൺ മേഖലയിൽ ആൻഡ്രോയ്‌ഡ്, സ്‌നാപ്ഡ്രാഗൺ ചിപ്പുകൾ ഉപയോഗിച്ച് ഗൂഗിളും ക്വാൽകോമും നേടിയത് പോലെ നേട്ടം കൈവരിക്കാൻ മെറ്റയും ശ്രമിച്ചേക്കാം. മെറ്റാ ബ്രാൻഡഡ് റോബോട്ട് വിൽക്കാൻ പദ്ധതിയിടുന്നില്ലെന്നും മറിച്ച് ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് അടിത്തറയായി പ്രവർത്തിക്കുന്ന പ്രോട്ടോടൈപ്പുകളും ഹാർഡ്‌വെയറും നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.