പോലീസ് കാറുകളെ കടന്നുപോകുന്ന വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റുകള്‍ സ്വയമേവ സ്‌കാന്‍ ചെയ്യാവുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് ടൊറന്റോ പോലീസ്. സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ടൊറന്റോ പോലീസ് പറയുന്നു. ഓട്ടോമേറ്റഡ് ലൈസന്‍സ് പ്ലേറ്റ് റെക്കഗ്നിഷന്‍(എഎല്‍പിആര്‍) സിസ്റ്റം ഇപ്പോള്‍ 600 ലധികം പോലീസ് വാഹനങ്ങളിലുണ്ട്. ലൈസന്‍സ് പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങലെ അതിവേഗം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇതിന്റെ സവിശേഷത. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു. നിരത്തിലെ ഇമവെട്ടാത്ത ഇലക്ട്രോണിക് കണ്ണ് എന്നാണ് ടൊറന്റോ പോലീസ് മേധാവി ഇതിനെ വിശേഷിപ്പിച്ചത്.
ക്രിമിനല്‍ അന്വേഷണവുമായോ പബ്ലിക് സേഫ്റ്റി അലേര്‍ട്ടുകളുമായോ ആംബര്‍ അലേര്‍ട്ടുകളുമായോ ഹോട്ട് ലിസ്റ്റിലുള്ള വാഹനം ഫോര്‍വേഡ് ഫേസിംഗ് ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോകുമ്പോള്‍ നഗരത്തിലുടനീളം സഞ്ചരിക്കുന്ന ആ വാഹനത്തെക്കുറിച്ച് സിസ്റ്റത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിക്കുമെന്ന് ടൊറന്റോ പോലീസ് പറഞ്ഞു. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങലുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കും. ക്യാമറയുടെ വ്യൂ ഫീല്‍ഡ് 160 ഡിഗ്രിയാണ്. ഡിറ്റക്ഷന്‍ റേഞ്ച് ക്യാമറയ്ക്ക് മുന്നില്‍ 50 അടിയാണ്.