ഒന്റാരിയോ, ക്യുബെക്ക് പ്രവിശ്യകളില്‍ മഞ്ഞുവീഴ്ച ശക്തമാകുന്നു. ഞായറാഴ്ച ഒന്റാരിയോയിലും ക്യുബെക്കിലും ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി. ക്യുബെക്കില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ തുടങ്ങിയ മഞ്ഞുവീഴ്ച ഞായറാഴ്ച പുലര്‍ച്ചെയോടെ തീവ്രമായി. മോണ്‍ട്രിയലിലും ക്യുബെക്ക് സിറ്റിയിലും 30 മുതല്‍ 50 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈസ്റ്റേണ്‍ ഭാഗങ്ങളില്‍ 70 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നായിരുന്നു പ്രവചനം.
സതേണ്‍ ഒന്റാരിയോയിലും ക്യുബെക്കിലും വിന്റര്‍ സ്‌റ്റോം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗത്ത്ഈസ്റ്റേണ്‍ ഒന്റാരിയോയിലും സമാനമായ അവസ്ഥയാണ് അനുഭവപ്പെട്ടത്. ഓട്ടവ മേഖലയില്‍ 30 സെന്റീമീറ്ററിലധികം മഞ്ഞ്മൂടി. തിങ്കളാഴ്ച വരെ കാലാവസ്ഥ മോശമാകുമെന്നതിനാല്‍ ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ റോഡുകളില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് ക്യുബെക്ക് അറിയിച്ചു.
ഗ്രേറ്റര്‍ മോണ്‍ട്രിയല്‍ ഏരിയയിലെ ഇംഗ്ലീഷ് സ്‌കൂള്‍ ബോര്‍ഡുകളും ഫ്രഞ്ച് ലാംഗ്വേജ് സ്‌കൂള്‍ സര്‍വീസ് സെന്ററുകളും കനത്ത മഞ്ഞ് കാരണം പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകള്‍ തിങ്കളാഴ്ച റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.