എട്ട് മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്

By: 600007 On: Feb 16, 2025, 5:05 AM

 

കാലിഫോര്‍ണിയ: ഒടുവില്‍ ബഹിരാകാശത്ത് നിന്ന് പ്രതീക്ഷയുടെ പൊന്‍കിരണം, എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന്, നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ ലാന്‍ഡ് ചെയ്യും. 

 
ആറ് മാസം നീണ്ട പുതിയ ദൗത്യത്തിനായി നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ-10 ദൗത്യത്തില്‍ നാസ അയക്കുന്നത്. നാസയുടെ ആന്‍ മക്ലൈന്‍, നിക്കോള്‍ എയേര്‍സ്, ജപ്പാന്‍ എയ്‌റോസ്പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ തക്കൂയ ഒനിഷി, റോസ്‌കോസ്‌മോസിന്‍റെ കിരില്‍ പെര്‍സോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക. ഇവര്‍ നിലയത്തിലെത്തിയുള്ള ഒരാഴ്ചക്കാലം ചുമതലകളുടെ കൈമാറ്റങ്ങള്‍ക്കുള്ള സമയമാണ്. നിലവില്‍ സ്പേസ് സ്റ്റേഷന്‍റെ കമാന്‍ഡറായ സുനിത വില്യംസ് ക്രൂ-10 ദൗത്യത്തില്‍ വരുന്ന പുതിയ കമാന്‍ഡര്‍ക്ക് ഐഎസ്എസിന്‍റെ ചുമതല കൈമാറും. ഇതിന് ശേഷമാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് 19ന് ഭൂമിയിലേക്ക് അണ്‍ഡോക്ക് ചെയ്യുക.