കാനഡയെ അമേരിക്കയുടെ 51ആം സംസ്ഥാനമാക്കാനുള്ള ആഗ്രഹം ആവർത്തിച്ച് ഡോണൾഡ് ട്രംപ്

By: 600110 On: Feb 15, 2025, 10:59 AM

 

കാനഡയെ അമേരിക്കയുടെ 51ആം സംസ്ഥാനമാക്കാനുള്ള ആഗ്രഹം ആവർത്തിച്ച് ഡോണൾഡ് ട്രംപ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് കൊണ്ട് കൂടിയായിരുന്നു  ട്രംപിൻ്റെ പരാമർശങ്ങൾ. 

യുഎസും കാനഡയും തമ്മിലുള്ള ബന്ധം വളരെ രസകരമായിരിക്കുമെന്ന് വാഷിംഗ്ടണിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട്  ട്രംപ് പറഞ്ഞു. ഗവർണർ ട്രൂഡോ" എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ട്രംപിൻ്റെ പരിഹാസം. ഞങ്ങളുടെ 51ആമത്തെ സംസ്ഥാനമാകുക എന്നത്  അവർക്ക് വളരെ നല്ലതായിരിക്കും. ആളുകൾ ഇപ്പോൾ അടയ്ക്കുന്നതിനേക്കാൾ വളരെ കുറച്ച് നികുതി മാത്രമേ നൽകേണ്ടി വരൂ എന്നും , അവർക്ക് മികച്ച സൈനിക സംരക്ഷണം ലഭിക്കുമെന്നും ട്രംപ് ആവർത്തിച്ചു. നിലവിൽ കാനഡ സൈനികമായി സുരക്ഷിതമല്ലെന്ന്  ട്രംപ് പറഞ്ഞു. മാറുന്ന പുതിയ കാലത്ത് കാനഡയ്ക്ക് അമേരിക്കയുടെ സംരക്ഷണം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി.

കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും യുഎസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ  ഈ മാസം ആദ്യം പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇരു രാജ്യങ്ങൾക്കും 30 ദിവസത്തെ സാവകാശം നൽകി. എന്നാൽ അമേരിക്ക കാനഡയ്ക്ക് സബ്‌സിഡികൾ നൽകുന്നുണ്ടെന്ന വാദം,  ട്രംപ് വ്യാഴാഴ്ച വീണ്ടും ആവർത്തിച്ചു.