കാനഡ-യുഎസ് താരിഫ്: പുതിയ നിയമനങ്ങളും റിബേറ്റ് പ്രോഗ്രാമുകളും താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്ന് ബീസി സര്‍ക്കാര്‍ 

By: 600002 On: Feb 15, 2025, 9:58 AM

 


കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക താരിഫ് ചുമത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് പുതിയ നിയമനങ്ങളും റിബേറ്റ് പ്രോഗ്രാമുകളും റദ്ദാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് കൊളംബിയ. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്ന് ബീസി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താരിഫുകള്‍ ഇതിനകം പ്രവിശ്യയിലെ എല്ലാ വ്യവസായങ്ങളിലും 100,000 തൊഴിവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ധനമന്ത്രി ബ്രെന്‍ഡ ബെയ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പിഎസ്എയുടെയും മേധാവിയാണ് നിയമനങ്ങള്‍ നിയന്ത്രിക്കുന്നത്. 

കൂടാതെ, ഗ്രോസറി സാധനങ്ങളുടെ നിര്‍ദ്ദിഷ്ട പ്രവിശ്യാ റിബേറ്റ് വരാനിരിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തില്ലെന്ന് ബെയ്‌ലി പ്രഖ്യാപിച്ചു. ജീവിതച്ചെലവ് നേരിടാന്‍ സഹായിക്കുന്നതിന് കുടുംബങ്ങള്‍ക്ക് 1000 ഡോളറും വ്യക്തികള്‍ക്ക് 500 ഡോളറും നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട റിബേറ്റ് പ്രോഗ്രാം. പ്രവിശ്യയ്ക്ക് ഇത് വഴി 1.8 ബില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിച്ചത്. 

അതേസമയം, സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പബ്ലിക് സര്‍വീസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ബീസി ജനറല്‍ എപ്ലോയീസ് യൂണിയന്‍ പറഞ്ഞു.