പ്രകൃതിക്ഷോഭങ്ങളെ തുടർന്ന് കാനഡയിലെ ഇൻഷുറൻസ് പ്രീമിയങ്ങളിൽ വർധനയ്ക്ക് സാധ്യത

By: 600004 On: Feb 15, 2025, 8:31 AM

 

പ്രകൃതിക്ഷോഭങ്ങളെ തുടർന്ന് രാജ്യത്തെ ഇൻഷുറൻസ് പ്രീമിയങ്ങളിൽ വർധനയ്ക്ക് സാധ്യതയെന്ന് ഇൻഷുറൻ ബ്യൂറോ ഓഫ് കാനഡ.കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ തുടർന്ന് ക്ലെയിമുകൾ കൂടിയതിനാൽ ഇൻഷുറൻസ് കമ്പനികൾ അടുത്തിടെ വലിയ നഷ്ടം നേരിട്ടിരുന്നു. 

2001 മുതൽ 2010 വരെയുള്ള കാലയളവിൽ 780 മില്യൻ ഡോളർ വരെയാണ് ക്ലെയിമുകൾ ഉണ്ടാവുക പതിവ്. എന്നാൽ 2024ൽ മാത്രം ഇതിൻ്റെ പത്ത് ഇരട്ടിയോളം കമ്പനികൾക്ക് ക്ലെയിമുകൾക്കായി ചെലവഴിക്കേണ്ടി വന്നു. കാൽഗറിയിലെ ആലിപ്പഴ വർഷവും ക്യൂബക്കിലെ വെള്ളപ്പൊക്കവുമായിരുന്നു കഴിഞ്ഞ വർഷം ഏറ്റവും നാശം വിതച്ച പ്രകൃതിക്ഷോഭങ്ങൾ. ഇതിൽ കാൽഗറിയിൽ മൂന്ന് ബില്യനും ക്യൂബക്കിൽ 2.7 ബില്യനും ഇൻഷുറൻസ് കമ്പനികൾക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യേണ്ടി വന്നു. പണപ്പെരുപ്പം,നിർമ്മാണ ചെലവ്, തൊഴിലാളി ക്ഷാമം എന്നിവയും ഉയർന്ന ക്ലെയിം ചെലവുകൾക്ക് കാരണമാകുന്നുണ്ട്.

ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ വിദഗ്ധർ ചില മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. ഇതനുസരിച്ച് വീടിൻ്റെയും വാഹനങ്ങളുടെയും ഇൻഷുറൻസ് ഒരു കമ്പനിയിൽ നിന്ന് തന്നെയെടുത്താൽ പ്രീമിയത്തിൽ ഇളവ് ലഭിക്കാൻ ഇടയുണ്ട്. അലാമുകൾ പോലെ നഷ്ടം കുറയ്ക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നതും പരിഗണിക്കാവുന്നതാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.