‘ഗൾഫ് ഓഫ് അമേരിക്ക’യെന്ന പേര് മാറ്റം അംഗീകരിച്ചില്ല; അസോസിയേറ്റഡ് പ്രസ്സിന് വിലക്കുമായി വൈറ്റ് ഹൗസ്

By: 600007 On: Feb 15, 2025, 6:07 AM

 

 

വാഷിങ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പുനർനാമകരണം ചെയ്‌ത ഗൾഫ് ഓഫ് അമേരിക്കയെ, ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തുടർന്നും വിശേഷിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏർപ്പെടുത്തി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രതിദിന വാർത്ത സമ്മേളനത്തിൽ നിന്നും പ്രസിഡന്‍റിന്‍റെ എയർ ഫോഴ്സ് വൺ വിമാനത്തിൽ നിന്നുമാണ് എപിയുടെ മാധ്യമ പ്രവർത്തകരെ അനിശ്ചിത കാലത്തേക്ക് വിലക്കിയത് .
വൈറ്റ് ഹൗസിന്‍റെ നടപടിയെ അസോസിയേറ്റഡ് പ്രസ്സും വൈറ്റ് ഹൌസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷനും അപലപിച്ചു.

അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയായിരുന്നു. പിന്നാലെ ഗൂഗിൾ മാപ്സ് ഗൾഫ് ഓഫ് അമേരിക്ക എന്ന് പേര് മാറ്റിയിരുന്നു. എന്നാൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വാത്താ ഏജൻസികൾ ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് അസോസിയേറ്റഡ് പ്രസ്സിന് വൈറ്റ് ഹൌസ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം എപിയുടെ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാൻ ഇപ്പോഴും അനുവാദമുണ്ട്. എപി പേര് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നു എന്നാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്‌ലർ ബുഡോവിച്ച് പറഞ്ഞത്.
 
ട്രംപ് ഭരണകൂടവും മെക്സിക്കോയും തമ്മിലെ പോര് രൂക്ഷമായതിന് പിന്നാലെയായിരുന്നു പേര് മാറ്റം. പിന്നാലെ ട്രംപ് മെക്സിക്കോയ്ക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തി. പിന്നീട് ഈ തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്നോട്ടുപോയി മെക്സിക്കോയ്ക്ക് ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതി ഒരു മാസത്തേക്ക് മരവിപ്പിച്ചു. മെക്സിക്കോ പ്രസിഡന്‍റ് ക്ലോഡിയ ഷൈൻബോമുമായി ട്രംപ് ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തെക്കൻ അതിർത്തിയിലൂടെയുള്ള അഭയാർത്ഥി പ്രവാഹം തടയാൻ മെക്സിക്കോ 10,000 സൈനികരെ അയക്കുമെന്ന് ഉറപ്പ് കിട്ടിയതായും ട്രംപ് വ്യക്തമാക്കുകയുണ്ടായി