വാഹന മോഷണം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്: മിസിസാഗ സ്വദേശിയുടെ കാര്‍ മോഷണം പോയത് ആറ് തവണ

By: 600002 On: Feb 14, 2025, 6:28 PM

 

 

കഴിഞ്ഞ വര്‍ഷം ഒന്റാരിയോ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന് വര്‍ധിച്ച വാഹന മോഷണമാണ്. എന്നാല്‍ 2024 ല്‍ കാര്‍ മോഷണം 17 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ മോഷണം കുറഞ്ഞുവെന്നത് വാഹന ഉടമകള്‍ക്ക് ചെറിയൊരു ആശ്വാസമാണ്. തന്റെ വാഹനം ആറ് തവണ മോഷ്ടിക്കപ്പെട്ടതായി പറയുന്ന മിസിസാഗ സ്വദേശിയായ മൈക്കല്‍ എയ്റ്റ്കനെ സംബന്ധിച്ചിടത്തോളം റിപ്പോര്‍ട്ട് നല്‍കുന്നത് വലിയൊരു ആശ്വാസമാണ്. തന്റെ റേഞ്ച് റോവറാണ് മോഷണം പോയതെന്ന് അദ്ദേഹം പറയുന്നു. 

ആഢംബര വാഹനങ്ങളില്‍ പലതും വിദേശത്തേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നതെന്ന് ഇക്വിറ്റിന്റെ ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡയറക്ടര്‍ ബെറ്റി എന്‍ജി പറയുന്നു. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. 2024 ല്‍ കുറവുണ്ടായിട്ടും മോഷണങ്ങളുടെ എണ്ണം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണെന്നും ഇത് കനേഡിയന്‍ പൗരന്മാരെ പ്രതിസന്ധിയിലാക്കുമെന്നും ആശങ്കപ്പെടുത്തുമെന്നും ഇക്വിറ്റ് പറയുന്നു. 

ഒരു വാഹനം മോഷ്ടിക്കപ്പെടുമ്പോള്‍ സാമ്പത്തികമായും മാനസികമായും ആഘാതം ഉണ്ടാക്കുന്നുണ്ട്. ഒന്റാരിയോയില്‍ മോഷ്ടിക്കപ്പെട്ട 50.8 ശതമാനം വാഹനങ്ങളും വീണ്ടെടുക്കാനായെന്നാണ് റിപ്പോര്‍ട്ട്. വീണ്ടെടുക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ദൈര്‍ഘ്യമേറിയ പ്രക്രിയയാണെന്ന് ഇക്വിറ്റ് വ്യക്തമാക്കുന്നു.