കാല്‍ഗറിയിൽ കാർബൺ മോണോക്ക്സൈഡ് ശ്വസിച്ച് നാലു വയസുകാരനും പിതാവും  ആശുപത്രിയിൽ

By: 600110 On: Feb 14, 2025, 2:01 PM

 

കാല്‍ഗറിയിൽ കാർബൺ മോണോക്ക്സൈഡ് വാതകം ശ്വസിച്ച് നാലു വയസുകാരനെയും പിതാവിനെയും  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ പ്രദേശത്തുള്ള സിറ്റിസൈഡ് ഗാർഡൻ NE യിലെ ഒരു വസതിയിലായിരുന്നു സംഭവം. ഗാരേജില്‍ ഓഫാക്കാതെ ഇട്ടിരുന്ന വാഹനത്തിൻ്റെ പുകയിൽ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് വാതകം ഇവർ ശ്വസിക്കുകയായിരുന്നു. കുട്ടിക്ക്  ശ്വാസതടസ്സവും ഒപ്പം ബോധം നഷ്ട്ടപ്പെടുകയും ചെയ്തു. കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് ആണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

ഗാരേജിൽ   രാവിലെ മുതൽ  ഓൺ ചെയ്തിട്ടിരുന്ന വാഹനത്തിൽ നിന്നാണ് കാർബൺ മോണോക്സൈഡ് പുറത്തു വന്നത്. CO അലാറങ്ങൾ വീട്ടിൽ ഇല്ലായിരുന്നെന്ന് അഗ്നിശമന വകുപ്പ് പറയുന്നു. അഗ്നിശമന സേനാംഗങ്ങൾ വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കിയതോടെ CO2 അളവ് സാധാരണ നിലയിലായി. കാർബൺ മോണോക്സൈഡ് വിഷവാതകം മൂലമുണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള നിർണായകമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന്  അഗ്നിശമന വകുപ്പ്  പ്രസ്താവനയിൽ പറഞ്ഞു. നിറമില്ലാത്തതും മണമില്ലാത്തതുമായ ഒരു വാതകമാണ് CO. എന്നാൽ അത് മാരകമായേക്കാം. എല്ലാ താമസക്കാരോടും അവരുടെ വീടിന്റെ എല്ലാ നിലകളിലും പ്രവർത്തിക്കുന്ന CO അലാറങ്ങൾ സ്ഥാപിക്കണമെന്ന് കാൽഗറി അഗ്നിശമന വകുപ്പ് അഭ്യർത്ഥിച്ചു. വാതിൽ തുറന്നിട്ടിരിക്കുമ്പോൾ പോലും വാഹനങ്ങൾ  ഗാരേജിൽ ഓടിക്കരുതെന്നും അഗ്നിശമന വകുപ്പ്  മുന്നറിയിപ്പ് നൽകുന്നു.