ഇവിടെ മത്സരമില്ല! മധ്യസ്ഥം വഹിക്കാന്‍ കേമന്‍ മോദി തന്നെ; പ്രധാന മന്ത്രിയ്ക്ക് ട്രംപിന്റെ സര്‍ട്ടിഫിക്കറ്റ്

By: 600007 On: Feb 14, 2025, 12:52 PM

 

'

ദില്ലി: മധ്യസ്ഥ ചര്‍ച്ചയിലുള്ള നരേന്ദ്ര മോദിയുടെ വൈദഗ്ദ്യത്തെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 
തീരുവ ഈടാക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറ്റവും മുന്നിലാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയെപ്പോലെ ചെറിയ മറ്റു പല രാജ്യങ്ങളുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വലിയ അളവിലാണ് താരിഫ് ഈടാക്കുന്നത്. ഉയര്‍ന്ന താരിഫും നികുതിയും കാരണം  ഹാർലി-ഡേവിഡ്‌സണിന് ഇന്ത്യയിൽ അവരുടെ മോട്ടോർബൈക്കുകൾ വിൽക്കാൻ കഴിയാതെ വന്നത് ഓർക്കുന്നുവെന്നും വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു.

ഒരു സംയുക്ത വാർത്താ സമ്മേളനത്തിൽ, തീരുവയുടെ കാര്യത്തിൽ ആരാണ് മികച്ച ചർച്ചകൾ നടത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ യുഎസ് പ്രസിഡൻ്റ് ഡൊണാള്‍‍ഡ് ട്രംപിനോട് ചോദിച്ചു. പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുകൊണ്ടാണ് ട്രംപ് ഉത്തരം പറഞ്ഞത്. ഇവിടെ മത്സരത്തിന്റെ ആവശ്യമില്ലെന്നും എന്നേക്കാള്‍ നന്നായി മധ്യസ്ഥത വഹിക്കുന്നത് നരേന്ദ്ര മോദിയാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്.

ഇതിനിടെ, ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പുതിയ സമവാക്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി സമവാക്യം അവതരിപ്പിച്ചത്.  ‘മാഗ+മിഗ=മെഗാ’ എന്നായിരുന്നു സൂത്രവാക്യം. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാ​ഗ),  മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മി​ഗ) എന്നിവ ചേർന്നാൽ മെ​ഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു‌.