എഎച്ച്എസ് മെഡിക്കല്‍ കരാര്‍ അഴിമതി: ആരോഗ്യമന്ത്രി ലാഗ്രാഞ്ചെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നഹീദ് നെന്‍ഷി 

By: 600002 On: Feb 14, 2025, 11:57 AM

 


എഎച്ച്എസ് മെഡിക്കല്‍ കരാര്‍ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആല്‍ബെര്‍ട്ട ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിപി നേതാവ് നഹീദ് നെന്‍ഷി രംഗത്ത്. യുസിപി സര്‍ക്കാരിലെ ഉന്നതതല അഴിമതി ആരോപണങ്ങള്‍ കണക്കിലെടുത്ത് അഡ്രിയാന ലാഗ്രാഞ്ചെയെ പുറത്താക്കണമെന്ന് നെന്‍ഷി ആവശ്യപ്പെട്ടു. 

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ക്കുമായി ആല്‍ബെര്‍ട്ടയിലെ ഉന്നത തല ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ നടത്തിയെന്നും ഇതിനായുള്ള ഒത്തുകളിയിലും വ്യക്തി താല്‍പ്പര്യങ്ങളിലും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട എഎച്ച്എസിന്റെ മേധാവി അഥാന മെന്റ്‌സെലോപൗലോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം, 1.7 മില്യണ്‍ ഡോളറിന്റെ തെറ്റായ പിരിച്ചുവിടല്‍ കേസ് അഥാന മെന്റ്‌സെപൗലോസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ മെന്റ്‌സെപൗലോസിന്റെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ആല്‍ബെര്‍ട്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായിരിക്കും ഇതെന്ന് നെന്‍ഷി പറഞ്ഞു. 

അതേസമയം, താന്‍ ഒരു തെറ്റിലും ഉള്‍പ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡാനിയേല്‍ സ്മിത്തിന്റെ ചീഫ് ഓഫ് സ്റ്റാഫിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി നിയമസഭ ഉടന്‍ പുന:സംഘടിപ്പിക്കണമെന്നാണ് എന്‍ഡിപിയുടെ ആവശ്യം.