വ്യാജ ഡോളര്‍  നല്‍കി തട്ടിപ്പ് ; മുന്നറിയിപ്പ് നല്‍കി യോര്‍ക്ക് പോലീസ് 

By: 600002 On: Feb 14, 2025, 11:15 AM

 

 

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വിറ്റ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ക്ക് വ്യാജ ഡോളര്‍  നല്‍കി തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ച് യോര്‍ക്ക് റീജിയണ്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 2024 ഒക്ടോബര്‍ ഇതുവരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ 14 ഓളം പേര്‍ പരാതിയുമായി രംഗത്ത് വന്നതായി പോലീസ് പറഞ്ഞു. ഇരകളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്ന തട്ടിപ്പുകാര്‍ 100 കനേഡിയന്‍ ഡോളര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇരകള്‍ പിന്നീട് ഇത് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മിക്ക സംഭവങ്ങളിലും ഡോളറുകളില്‍ GJR6710018, GJR710022 എന്നീ സീരിയല്‍ നമ്പറുകള്‍ അച്ചടിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡോളറുകളുടെ വിന്‍ഡോയില്‍ പ്രോപ്പ് മണി എന്ന വാക്കുകളും ഉണ്ടായിരുന്നു. സൂക്ഷ്മ പരിശോധനയില്‍ ഇത് വ്യക്തമാകും.

ഡോളര്‍ ലഭിക്കുമ്പോള്‍ വ്യാജമല്ലെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഓരോ ഡോളറിനും അതിന്റേതായ സീരിയല്‍ നമ്പര്‍ ഉണ്ടായിരിക്കും. ഒന്നിലധികം ഡോളറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ സീരിയല്‍ നമ്പറുകള്‍ പരിശോധിച്ച് ഉറപ്പാക്കുക. വിന്‍ഡോ പരിശോധിച്ച് അതിലെ ചെറിയ സംഖ്യകള്‍ ഡിനോമിനേഷനല്ലെന്ന് ഉറപ്പാക്കുക, വിന്‍ഡോയിലെ പോര്‍ട്രെയ്റ്റ് പ്രധാന പോര്‍ട്രെയ്റ്റുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ വ്യാജ ഡോളറുകള്‍ കണ്ടെത്താനാകുമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.