ഊർജ്ജ പൈപ്പ് ലൈൻ പദ്ധതിക്കെതിരായ നിലപാട് മയപ്പെടുത്തി ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട്

By: 600110 On: Feb 14, 2025, 11:09 AM

 

വർഷങ്ങൾക്ക് മുമ്പ് ആൽബർട്ട എണ്ണയെ "വൃത്തികെട്ട ഊർജ്ജം" എന്ന് വിളിച്ച് വിവാദമുണ്ടാക്കിയ  ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് നിലപാട് മാറ്റുന്നു. ആൽബർട്ടയിൽ നിന്ന് ന്യൂ ബ്രൺസ്വിക് വരെയുള്ള 4500 കിലോമീറ്റർ ദൈർഘ്യമുള്ള എനർജി ഈസ്റ്റ് ഊർജ്ജ പൈപ്പ് ലൈൻ പദ്ധതിയുടെ കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ഫ്രാങ്കോയിസ് ലെഗോൾട്ട് പറഞ്ഞു. 2013ൽ വിഭാഗവനം ചെയ്യപ്പെട്ട ഈ പദ്ധതി ചില നിയന്ത്രണ തടസ്സങ്ങളും പരിസ്ഥിതി ഗ്രൂപ്പുകളിൽ നിന്നുള്ള ശക്തമായ എതിർപ്പും കാരണം 2017-ൽ നിർത്തി വച്ചിരുന്നു. 

ക്യൂബെക് നിവാസികളും എനർജി ഈസ്റ്റ് പദ്ധതിയോട് കടുത്ത എതിർപ്പായിരുന്നു പ്രകടിപ്പിച്ചത്. ഇതേ തുടർന്ന് പ്രവിശ്യാ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടാൻ തയ്യാറായില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഏജൻസി നടത്തിയ വോട്ടെടുപ്പിൽ 59 ശതമാനം ക്യൂബെക് നിവാസികൾക്കും ഇപ്പോൾ എനർജി ഈസ്റ്റ് പദ്ധതിയോട് അനുകൂല നിലപാടാണ് ഉള്ളതെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ഫ്രാങ്കോയിസ് ലെഗോൾട്ടും നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന. ആൽബർട്ട എണ്ണയ്ക്കെതിരെ നേരത്തെ നടത്തിയ പരാമർശം പടിഞ്ഞാറൻ കാനഡയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ പ്രസ്ഥാവനയാണ് ഇപ്പോൾ അദ്ദേഹം മയപ്പെടുത്തിയത്. തൽക്കാലം, ഒരു പദ്ധതിയും പരിഗണനയിലില്ലെന്നും . എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ, ഞങ്ങൾ അത് പരിഗണിക്കുമെന്നും ആണ് ലെഗോൾട്ട് പറഞ്ഞത്.