യുഎസിലെ മുട്ട വിലയിൽ റെക്കോർഡ് വർദ്ധന,ഡസന് ശരാശരി 4.95ഡോളർ

By: 600084 On: Feb 14, 2025, 5:16 AM

 

                  പി പി ചെറിയാൻ ഡാളസ് 

ഡാളസ്:പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുട്ട വില റെക്കോർഡ് ഉയരത്തിലെത്തി.
ഏറ്റവും പുതിയ പ്രതിമാസ ഉപഭോക്തൃ വില സൂചിക കാണിക്കുന്നത് യുഎസ് നഗരങ്ങളിൽ രണ്ടു  മാസം 99 സെന്റ് ഉണ്ടായിരുന്ന ഒരു ഡസൻ ഗ്രേഡ് എ മുട്ടകളുടെ ശരാശരി വില  $4.95 ൽ എത്തിനില്കുന്നു , ഇത് രണ്ട് വർഷം മുമ്പ് സ്ഥാപിച്ച $4.82 എന്ന മുൻ റെക്കോർഡിനെയും 2023 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ $2.04 എന്ന ഏറ്റവും കുറഞ്ഞ വിലയുടെ ഇരട്ടിയിലധികം വരും.

2015-ൽ രാജ്യത്ത് അവസാനമായി പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് മുട്ട വിലയിലുണ്ടായത്, കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ മൊത്തം വർദ്ധനവിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇതാണെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.

തീർച്ചയായും, അത് രാജ്യവ്യാപകമായ ശരാശരി മാത്രമാണ്. ചില സ്ഥലങ്ങളിൽ ഒരു കാർട്ടൺ മുട്ടയ്ക്ക് 10 ഡോളറോ അതിൽ കൂടുതലോ വിലവരും. ഓർഗാനിക്, കൂടുകളില്ലാത്ത മുട്ടകൾ പോലുള്ള പ്രത്യേക ഇനങ്ങൾക്ക് ഇതിലും വില കൂടുതലാണ്.

മുട്ടയുടെ വിലയിൽ ആശ്വാസം ഉടൻ പ്രതീക്ഷിക്കുന്നില്ല. അവധിക്കാല ഡിമാൻഡ് കൂടുതലായതിനാൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മുട്ടയുടെ വില സാധാരണയായി കുതിച്ചുയരുന്നു. ഈ വർഷം മുട്ടയുടെ വില 20% ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് കൃഷി വകുപ്പ്  പ്രവചിച്ചു.