താരിഫ് ഭീഷണി പോലും കനേഡിയൻ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബാങ്ക് ഓഫ് കാനഡയുടെ മുന്നറിയിപ്പ്

By: 600110 On: Feb 13, 2025, 3:26 PM

ഒരു വ്യാപാര യുദ്ധത്തിന്റെ ഭീഷണി പോലും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കുമെന്ന്  ബാങ്ക് ഓഫ് കാനഡയുടെ മുന്നറിയിപ്പ്. ജനുവരി 29 ന് പ്രഖ്യാപിച്ച അവസാന നിരക്ക് കുറയ്ക്കലിന് മുന്നോടിയായി അംഗങ്ങൾ നടത്തിയ ചർച്ചകളുടെ രൂപരേഖ ബാങ്ക് ഓഫ് കാനഡ പുറത്തിറക്കി. താരിഫുകൾ ഏർപ്പെടുത്തിയില്ലെങ്കിൽ പോലും, താരിഫ് ഭീഷണികളുടെ ആശങ്കകൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വം കാനഡയിലെ ബിസിനസ് നിക്ഷേപത്തെ  തകർക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

നിക്ഷേപങ്ങളെ ബാധിച്ചാൽ, അത് കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ സാധ്യതകളെ കൂടി  ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. വ്യാപാര നയ അനിശ്ചിതത്വത്തിൻ്റെ പശ്ചാത്തലത്തിൽ കമ്പനികൾ അവരുടെ നിക്ഷേപ പദ്ധതികൾ പുനർവിചിന്തനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഉയർന്ന താരിഫുകൾ ചുമത്തിയാൽ, നിക്ഷേപങ്ങൾ കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറിയേക്കാം. ഇത് മത്സരാധിഷ്ഠിതമായി തുടരാനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും രാജ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കും. താരിഫ് ഭീഷണിയുടെ  അനിശ്ചിതത്വം കനേഡിയൻ ഡോളറിനെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ അവലോകനം ചെയ്തു. താരിഫുകൾ, കനേഡിയൻ ഡോളറിൻ്റെ മൂല്യം കൂടുതൽ ഇടിയാൻ കാരണമാകുമെന്നും  അംഗങ്ങൾ അഭിപ്രായപ്പെട്ടു