അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യാപാര യുദ്ധവുമായി മുന്നോട്ട് പോകുമ്പോൾ പതാകയുമായി ദേശസ്നേഹം പ്രകടമാക്കാൻ കനേഡിയൻ പൌരന്മാരോട് ആഹ്വാനം ചെയ്ത് മുൻ പ്രധാനമന്ത്രിമാർ. കാനഡയുടെ സാമ്പത്തിക സുരക്ഷയ്ക്കും പരമാധികാരത്തിനുമെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണികൾ തുടരുമ്പോൾ, എല്ലാവരോടും തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനും പതാക പ്രദർശിപ്പിക്കാനുമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 15ന് പതാക ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ആഹ്വാനം. മുൻ പ്രധാനമന്ത്രിമാരായ ജോ ക്ലാർക്ക്, കിം കാംബെൽ, ജീൻ ക്രെറ്റിയൻ, പോൾ മാർട്ടിൻ, സ്റ്റീഫൻ ഹാർപ്പർ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് കനേഡിയൻമാരോട് മുമ്പൊരിക്കലും ഇല്ലാത്തവിധം അഭിമാനത്തോടെ മേപ്പിൾ ലീഫ് പറത്താൻ അഭ്യർത്ഥിച്ചിരിക്കുന്നത്. നമ്മുടെ ചരിത്രത്തിലും നമ്മുടെ രാജ്യത്തിലും നമുക്ക് അഭിമാനമുണ്ടെന്ന് ലോകത്തെ കാണിക്കാം എന്ന് ഇവർ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തോടുള്ള “സ്നേഹം പ്രകടിപ്പിക്കാനും” “കാനഡയുടെ മൂല്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനും കാനഡക്കാർ ദൃഢനിശ്ചയത്തോടെ ഒത്തുചേർന്നിരിക്കുകയാണെന്നും പ്രസ്താവനയിലുണ്ട്.