റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിൽ ഓഫീസറായി സേവനമനുഷ്ഠിച്ച സിഖ് വംശജനായ ബാൽതേജ് സിംഗ് ധില്ലണെ സെനറ്ററായി നിയമിച്ചു. ആർസിഎംപിയിൽ ഓഫീസറായി സേവനമനുഷ്ഠിച്ച ആദ്യ സിഖ് വംശജനാണ് ബാൽതേജ് സിംഗ് ധില്ലൺ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ബാൽതേജ് സിംഗ് ധില്ലൺ കാനഡ പാർലമെൻ്റിൻ്റെ ഉപരിസഭയിൽ സെനറ്ററാകുമെന്ന് പ്രഖ്യാപിച്ചത്.
RCMP ഉദ്യോഗസ്ഥൻ, കമ്മ്യൂണിറ്റി നേതാവ്, വൈവിധ്യത്തിനും മറ്റുമായി വാദിച്ച വ്യക്തി എന്നീ നിലകളിൽ പ്രവർത്തിച്ചയാൾ ആയിരുന്നു ബാൽതേജ് സിംഗ് എന്ന് ട്രൂഡോ പ്രസ്താവനയിൽ പറയുന്നു. 1991-ൽ, ബാൽ താജ് തലപ്പാവ് ധരിച്ച ആദ്യത്തെ ആർസിഎംപി ഉദ്യോഗസ്ഥനായി ചരിത്രം സൃഷ്ടിച്ചു. നിരവധി ഉന്നത അന്വേഷണങ്ങളിൽ പ്രധാന പങ്ക് വഹിച്ചുകൊണ്ട് ആർസിഎംപിയിൽ 30 വർഷം സേവനം അനുഷ്ഠിച്ചു. 2019 മുതൽ, ബ്രിട്ടീഷ് കൊളംബിയയുടെ ഗുണ്ടാ വിരുദ്ധ ഏജൻസിയുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിസി ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) സ്ഥാനാർത്ഥിയായി ധില്ലൺ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.