സറേയില്‍ പോലീസിന്റെ വെടിയേറ്റ് ഓട്ടിസം ബാധിതനായ ആണ്‍കുട്ടി മരിച്ച സംഭവം: പ്രതിഷേധം ശക്തം; ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണവും പരിശീലനവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓട്ടിസംബീസി 

By: 600002 On: Feb 13, 2025, 12:13 PM

 

ഓട്ടിസം ബാധിച്ചവരുമായി എങ്ങനെ സുരക്ഷിതമായി ഇടപഴകണമെന്ന് പോലീസിനും മറ്റ് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ക്കും ബോധവത്കരണം നടത്തണമെന്ന ആവശ്യവുമായി ഓട്ടിസംബീസി രംഗത്ത്. ഞായറാഴ്ച സറേയില്‍ ഓട്ടിസം ബാധിതനായ കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് പലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഓട്ടിസം ബാധിച്ചവരോടുള്ള പോലീസിന്റെ മനോഭാവത്തില്‍ മാറ്റം വേണമെന്ന് ഓട്ടിസംബീസി സംഘാടകര്‍ പറയുന്നത്. 

ക്ലേട്ടണ്‍ ഹൈറ്റ്‌സ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 15കാരനാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. കുട്ടി ഓട്ടിസം ബാധിതനായിരുന്നു. തോക്കുമായി ഭീഷണി മുഴക്കിയ കുട്ടിയെ നിയന്ത്രണത്തിലാക്കാന്‍ പോലീസെത്തുകയും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ വെടിയുതിര്‍ക്കുകയും കൗമാരക്കാരന്‍ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്‍ഡിപെന്‍ഡന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് ഓഫീസ് ഓഫ് ബീസിയുടെ അന്വേഷണം നടക്കുന്നുണ്ട്. 

സംഭവത്തിന് പിന്നാലെ മേഖലകളിലുടനീളമുള്ള എല്ലാ അടിയന്തര, മെഡിക്കല്‍ സേവനങ്ങള്‍ക്കും സമഗ്രമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഓട്ടിസംബീസി വാദിക്കുന്നു. പോലീസുകാര്‍ക്ക് ഓട്ടിസം ബാധിച്ചവരോടുള്ള ഇടപെടല്‍ സുരക്ഷിതമാക്കാനുള്ള പരിശീലനവും നല്‍കണം. കൂടാതെ, ഓട്ടിസം ബാധിച്ചവരും സംസാരിക്കാത്തവരുമായ വ്യക്തികള്‍ക്ക് സഹായത്തിനും പിന്തുണയ്ക്കുമായി ന്യൂറോഅഫേര്‍മേറ്റീവ്, വോളിയന്ററി ഐഡന്റിഫിക്കേഷന്‍ സിസ്റ്റം രൂപീകരിക്കണമെന്നും ഓട്ടിസംബീസി ആവശ്യപ്പെടുന്നു.