കാനഡയില്‍ വാഹനമോഷണം കുറയുന്നു; 2024 ല്‍ 19 ശതമാനം കുറവ്  

By: 600002 On: Feb 13, 2025, 11:40 AM

 

 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024 ല്‍ കാനഡയിലുടനീളമുള്ള സ്വകാര്യവാഹന മോഷണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏകദേശം 19 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് ക്രൈം വാച്ച്‌ഡോഗായ ഇക്വിറ്റ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനമോഷണത്തെ ചെറുക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിജയം കാണുന്നുവെന്നതിന്റെ തെളിവാണിതെന്ന് നിരീക്ഷകരുടെ വിലയിരുത്തല്‍. കാനഡയില്‍ കഴിഞ്ഞ വര്‍ഷം 57,000 ത്തിലധികം സ്വകാര്യ പാസഞ്ചര്‍ വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ 70,000 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പ്രധാനമായും കാറുകള്‍, വാനുകള്‍, എസ്‌യുവികള്‍ എന്നിവയാണ് മോഷ്ടാക്കള്‍ ലക്ഷ്യം വെക്കുന്നത്. 

മോഷ്ടിച്ച വാഹനങ്ങളില്‍ പലതും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുകയാണ് പതിവ്. അവ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നതായി അധികൃതര്‍ പറയുന്നു. അത്യാഢംബര കാറുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റിഅയക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പ്രവിശ്യകളില്‍ ആല്‍ബെര്‍ട്ടയില്‍ വാഹനമോഷണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ആശങ്കാജനകമായ മേഖലയായി ആല്‍ബെര്‍ട്ട തുടരുകയാണെന്ന് അധികൃതര്‍ പറയുന്നു. 2022 ലും 2023 ലും യഥാക്രമം 87,85 ശതമാനമായിരുന്ന ആല്‍ബെര്‍ട്ടയിലെ മോഷ്ടിച്ച വാഹനങ്ങളുടെ വീണ്ടെടുക്കല്‍ നിരക്ക് 2024 ല്‍ 77 ശതമാനമായി കുറഞ്ഞു. ഇത് തെറ്റായ VIN  രജിസ്‌ട്രേഷനുകള്‍ കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഫെഡറല്‍ സര്‍ക്കാര്‍ വാഹനമോഷണം തടയാന്‍ ആക്ഷന്‍ പ്ലാന്‍ ആരംഭിച്ചതോടെ ഒന്റാരിയോയിലും ക്യുബെക്കിലും വാഹനമോഷണത്തില്‍ കുറവുണ്ടായി. വാഹനമോഷണത്തില്‍ ഏറ്റവും പ്രോദേശിക കുറവ് രേഖപ്പെടുത്തിയത് ക്യുബെക്കിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.