ക്യാന്‍സര്‍ ചികിത്സയ്ക്ക് ഗുളിക; പുതിയ പരീക്ഷണവുമായി ആല്‍ബെര്‍ട്ടയിലെ ഗവേഷകര്‍ 

By: 600002 On: Feb 13, 2025, 10:19 AM

 


ദിവസവും ഒരു ഗുളിക കഴിച്ച് ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന കാര്യം ചിന്തിച്ചു നോക്കൂ. ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍. പതിറ്റാണ്ടുകളായി അര്‍ബുദത്തിന് പ്രതിവിധി കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രൊഫസര്‍ ലൂക് ബെര്‍ത്തിയൂം സംഘവും. കുറഞ്ഞ പാര്‍ശ്വഫലങ്ങളുള്ള ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള ഒരു പുതിയ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബെര്‍ത്തിയൂം പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന മരുന്ന് കോശത്തിന്റെ മെറ്റബോളിസത്തെ തടയുന്നു. ആദ്യം കോശങ്ങളിലും പിന്നീട് എലികളിലും തുടര്‍ന്ന് ജീവിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കാന്‍സര്‍ രോഗികളിലും പരീക്ഷിച്ചു. zelenirstat  എന്ന് പേരിട്ടിരിക്കുന്ന ഗുളിക വീട്ടില്‍ സാധാരണ മരുന്ന് കഴിക്കുന്നത് പോലെ കഴിക്കാം. ആശുപത്രിയില്‍ പോകേണ്ട, കുത്തിവെപ്പുകള്ഡ ഇല്ല, വളരെ എളുപ്പത്തിലുള്ള ചികിത്സാ രീതിയാണിതെന്ന് ബെര്‍ത്തിയൂം പറയുന്നു.

ഇത് വെള്ളത്തില്‍ ലയിക്കുന്നതാണ്. അതിനാല്‍ രക്തത്തില്‍ നേരിട്ട് ചെന്ന് മുഴകളെ കരിയിച്ചുകളയാന്‍ ശ്രമിക്കുന്നു. എഡ്മന്റണിലെ ക്രോസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആദ്യമായി ഗുളിക പരീക്ഷിച്ചത്. തുടര്‍ന്ന് ബീസി ക്യാന്‍സര്‍ കെയര്‍ സെന്റര്‍, ടൊറന്റോ പ്രിന്‍സസ് മാര്‍ഗരറ്റ് ഹോസ്പിറ്റല്‍, സെന്‍രര്‍ ഹോസ്പിറ്റലിയര്‍ ഡി എല്‍ യൂണിവേഴ്‌സിറ്റ് ഡി മോണ്‍ട്രിയല്‍ എന്നിവയുള്‍പ്പെടെയുള്ള കാനഡയിലുടനീളമുള്ള കാന്‍സര്‍ ചികിത്സ നടത്തുന്ന ആശുപത്രികളിലേക്ക് ഗുളിക പരീക്ഷണാര്‍ത്ഥം നല്‍കി.