യുഎസ് താരിഫ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ള കനേഡിയൻ നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടു. കാൽഗറി, സെൻ്റ് ജോൺ, എൻബി, വിൻഡ്‌സർ, ഒൻ്റാരിയോ എന്നിവയാണ് ആ നഗരങ്ങൾ എന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ പുതിയ പഠനം വ്യക്തമാക്കുന്നു.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ട്രേഡ് ഡാറ്റ ഉപയോഗിച്ച് 41 കനേഡിയൻ നഗരങ്ങളിൽ ആണ് സർവ്വെ നടത്തിയത്. അമേരിക്കൻ താരിഫുകളുടെ ആഘാത സാധ്യത പരിശോധിച്ച് യുഎസ് താരിഫ് എക്സ്പോഷർ ഇൻഡക്സും പുറത്തിറക്കിയിട്ടുണ്ട്. സെൻ്റ് ജോൺ ആണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന നഗരമെന്നാണ് റിപ്പോർട്ടിലുള്ളത്. കാനഡയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇവിടെയാണ്. 3,20,000 ബാരൽ എണ്ണയോളമാണ് ഇവിടെ ദിവസവും ശുദ്ധീകരിക്കപ്പെടുന്നത്. ഇതിൽ 80 ശതമാനവും കയറ്റുമതി ചെയ്യപ്പെടുകയാണ്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന കാൽഗറിയും തീരുവ മൂലം വലിയ തോതിൽ ബാധിക്കപ്പെട്ടേക്കാം. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാ സാധനങ്ങൾക്കും 25 ശതമാനം മുഴുവൻ തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കയറ്റുമതി ഡാറ്റ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.