ജപ്പാനുമായി എൽ എൻ ജി കരാറിൽ ഒപ്പുവെക്കാൻ അമേരിക്ക. രണ്ട് വർഷം മുമ്പ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരസിച്ച കരാറാണ് അമേരിക്ക യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. വെള്ളിയാഴ്ച ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇത് സംബന്ധിച്ച് ധാരണയായതെന്നാണ് സൂചന.
എൽഎൻജി കയറ്റുമതിയിൽ കൂടുതൽ നിക്ഷേപിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്ന് ട്രംപ് പറഞ്ഞു. ജപ്പാനുമായുള്ള നിരവധി വ്യാപാര സംരംഭങ്ങളെക്കുറിച്ചും യുഎസ് പ്രസിഡൻ്റ് പരാമർശിച്ചു. ജപ്പാനിലേക്ക് ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. റഷ്യൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ജപ്പാൻ രണ്ട് വർഷം മുൻപ് കാനഡയുമായി കരാറിന് ശ്രമിച്ചത്. എന്നാൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഈ കരാറാണ് ഇപ്പോൾ അമേരിക്കയുമായി യാഥാർഥ്യമാകാൻ ഒരുങ്ങുന്നത്.