സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്ക് കൂടി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ നെഞ്ചിടിക്കുന്നത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്. അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ക്യാനുകളാണ് ബിയര്‍ വില്‍പ്പനയ്ക്കായി നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത്. അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്നതോടെ അലുമിനിയത്തിന്‍റെ വില വര്‍ദ്ധിക്കും. ഇത് അമേരിക്കയിലെ മൊത്തം ബിയര്‍ നിര്‍മ്മാതാക്കള്‍ക്കും തിരിച്ചടിയാകും.
അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുകയും അത് അലുമിനിയം ക്യാനുകളുടെ നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലേക്ക് നയിച്ചാല്‍ സ്വാഭാവികമായും ബിയര്‍ വിലയും വര്‍ദ്ധിക്കും. വന്‍കിട ബിയര്‍ കമ്പനികള്‍ക്ക് താല്‍ക്കാലികമായെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെങ്കിലും അമേരിക്കയിലെ ചെറുകിട ബിയര്‍ നിര്‍മാതാക്കളെ ആയിരിക്കും തീരുവ വര്‍ദ്ധന വലിയതോതില്‍ ബാധിക്കുക. ഉടനടി തീരുവ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അമേരിക്കയിലെ ബിയര്‍ വില വര്‍ദ്ധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാനുകള്‍ക്ക് പകരം പുതിയ ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താനും കമ്പനികള്‍ ശ്രമിച്ചേക്കും എന്നാണ് സൂചന