സൈബര്‍ തട്ടിപ്പ്: ഗൂഗിള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് ഒന്നര കോടിയോളം ആപ്പുകള്‍; 13000 കോടി രൂപ പോകാതെ കാത്തു

By: 600007 On: Feb 12, 2025, 1:58 PM

 

ദില്ലി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ ബ്ലോക്ക് ചെയ്തത് ഹാനികരമായ 13.9 ദശലക്ഷം (13,900,000) ആപ്പുകള്‍. 32 ലക്ഷത്തോളം ആന്‍ഡ്രോയ്ഡ് ഫോണുകളെയാണ് ഇതോടെ ഗൂഗിളിന് രക്ഷിക്കാനായത്. 

ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനിലൂടെ മൊബൈല്‍ സ്ക്രീനുകളില്‍ ഗൂഗിള്‍ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കുന്നു. അപകടകരമായ ട്രാന്‍സാക്ഷനുകള്‍ ബ്ലോക്ക് ചെയ്യുകയും പ്രശ്നകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ഇപ്രകാരം നാല് കോടി മുന്നറിയിപ്പ് സന്ദേശങ്ങള്‍ കാണിച്ച ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ പേ വഴിയുള്ള 13,000 കോടി രൂപയുടെ ദുരൂഹ ഇടപാടുകള്‍ തടഞ്ഞു. 

ആഗോളതലത്തില്‍ ഗൂഗിള്‍ ദിവസവും 200 ബില്യണിലധികം ആപ്പുകളാണ് സ്കാന്‍ ചെയ്യുന്നത്. ഗൂഗിള്‍ പ്ലേയ്ക്ക് പുറത്ത് 13 ദശലക്ഷം പുതിയ പ്രശ്നക്കാരായ ആപ്പുകളെ ഗൂഗിളിന് തിരിച്ചറിയാനായി. പ്രശ്നമുണ്ടാക്കുന്ന ആപ്പുകള്‍ പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ച 158,000 ഡവലപ്പര്‍മാരെയാണ് ഗൂഗിള്‍ വിലക്കിയത്. ഗൂഗിള്‍ നയം ലംഘിച്ചതിന് 2.36 ദശലക്ഷം ആപ്പുകള്‍ ഗൂഗിള്‍ നിരോധിക്കുകയും ചെയ്തു.