ഊബര്‍, ലിഫ്റ്റ് എന്നിവയുമായി മത്സരിക്കാന്‍ കാനഡയില്‍ പുതിയ റൈഡ്-ഹെയ്‌ലിംഗ് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ഹോപ്പ് റൈഡ് ഹെയ്‌ലിംഗ് സര്‍വീസ് ആരംഭിച്ചതായി എസ്റ്റോണിയന്‍ കമ്പനിയായ ബോള്‍ട്ട് ചൊവ്വാഴ്ച അറിയിച്ചു. 50 രാജ്യങ്ങളിലായി 600 നഗരങ്ങളിലാണ് ഹോപ് പ്രവര്‍ത്തിക്കുന്നത്. ഈ നഗരങ്ങളുടെ പട്ടികയിലേക്ക് ടൊറന്റോ, മിസിസാഗ, മാര്‍ഖം, വോണ്‍, റിച്ച്മണ്ട് ഹില്‍ എന്നിവയും ചേര്‍ക്കപ്പെടും. തുടക്കത്തില്‍ പല വെല്ലുവിളികളെയും കാനഡയില്‍ ഹോപ് അതിജീവിക്കേണ്ടതായി വരുമെന്ന് നിരീക്ഷകര്‍ പറയുന്നു. സര്‍വീസ് ജനപ്രിയമാക്കുന്നതിന് ഹോപ് കഠിനമായി തന്നെ പരിശ്രമിക്കേണ്ടി വരുമെന്നാണ് അഭിപ്രായം.
2012 മുതല്‍ പ്രവര്‍ത്തിക്കുന്ന ഊബറില്‍ നിന്നും 2017 മുതല്‍ സേവനം തുടരുന്ന ലിഫ്റ്റില്‍ നിന്നും മറ്റ് നിരവധി പ്രാദേശിക കമ്പനികളില്‍ നിന്നും കടുത്ത മത്സരമാണ് ഹോപ് നടത്തേണ്ടി വരിക. ഹോപ്പിന് കാനഡയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് കാനഡയിലെ ജനറല്‍ മാനേജര്‍ ഡേവിഡ് റിഗ്‌സ് പറയുന്നു. കാനഡയില്‍ നിലവിലെ റൈഡ് ഹെയ്‌ലിംഗ് സര്‍വീസുകളിലെ കുറവും യാത്രക്കാര്‍ക്ക് സുഗമമായ യാത്രയ്ക്കുള്ള തെരഞ്ഞെടുപ്പും പരിഗണിച്ച് ഹോപ്പിന് കാനഡയില്‍ വിജയം കൈവരിക്കാനാകുമെന്ന വിശ്വാസത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
അഫോര്‍ഡബിളായ നിരക്ക് യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനവും ഹോപ്പ് വാഗ്ദാനം ചെയ്യുന്നു.