കാല്‍ഗറി സണ്‍റിഡ്ജ് മാളിലെ ഫുഡ്‌കോര്‍ട്ടില്‍ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് നടത്തിയ പരിശോധനയില്‍ പാറ്റകള്‍ പെരുകി, വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. എഡോ ജപ്പാന്‍(Edo Japan), ഫെയ്മസ് വര്‍ക്ക് (Famous Work), ഓപ ഓഫ് ഗ്രീസ്(Opa!of Greece) എന്നീ റെസ്‌റ്റോറന്റുകളാണ് പൂട്ടാന്‍ ഉത്തരവിട്ടത്. ഫെബ്രുവരി ആറിന് എഎച്ച്എസ് നടത്തിയ പരിശോധനയില്‍ പെസ്റ്റ് കണ്‍ട്രോള്‍ ഗ്ലൂ ബോര്‍ഡുകളില്‍ നിരവധി ജീവനുള്ളതും ചത്തതുമായ പാറ്റകളെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
റെസ്റ്റോറന്റുകളില്‍ മേശകള്‍ക്കും കസേരകള്‍ക്കും താഴെയായും തറകളിലും ഭിത്തികളിലും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ റെസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. മൂന്ന് റെസ്റ്റോറന്റുകളും പെസ്റ്റ് കണ്‍ട്രോള്‍ നടപടികള്‍ നടപ്പിലാക്കണമെന്ന് എഎച്ച്എസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റെസ്‌റ്റോറന്റുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി അണുവിമുക്തമാക്കിയതിന് ശേഷം ഭാവിയില്‍ നടപ്പിലാക്കുന്ന ഒരു പെസ്റ്റ് മാനേജ്‌മെന്റ് പ്ലാന്‍ സംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിച്ച് കഴിഞ്ഞാല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് എഎച്ച്എസ് അറിയിച്ചു.