2024 ഓഗസ്റ്റില്‍ കാല്‍ഗറിയെ പ്രതിസന്ധിയിലാക്കിയ ആലിപ്പഴ വര്‍ഷമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ(IBC). ആലിപ്പഴ വര്‍ഷത്തില്‍ സിറ്റിക്ക് 3.25 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ഐബിസി കണക്കാക്കുന്നു. ഓഗസ്റ്റ് 5 ന് ഉണ്ടായ കനത്ത ആലിപ്പഴ വര്‍ഷം കാനഡയിലെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കിയ പ്രകൃതി ദുരന്തമെന്നാണ് വിലയിരുത്തുന്നത്. ഇത് 130,000 ലധികം ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ക്ക് കാരണമായെന്നും ഐബിസി ചൂണ്ടിക്കാട്ടി.
2024 ലെ ഭൂരിഭാഗം ഓട്ടോ ഇന്‍ഷുറന്‍സ് ക്ലെയിമുകളും പൂര്‍ത്തിയാക്കിയതായി ഐബിസി പറയുന്നു. ഇതില്‍ പകുതിയിലേറെയും ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്നുണ്ടായ ക്ലെയ്മുകളാണ്. ആലിപ്പഴം വീണ് കേടുപാടുകള്‍ സംഭവിച്ചവാഹനങ്ങളുടെ നാശനഷ്ടം ഏകദേശം ഒരു ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.
സിറ്റിയിലെ ഏകദേശം 60,000 വീടുകളെ ആലിപ്പഴ വര്‍ഷം ബാധിച്ചു. തകര്‍ന്ന ഭൂരിഭാഗം വീടുകളുടെയും അറ്റകുറ്റപ്പണികള്‍ സമ്മര്‍സീസണോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് ബില്‍ഡിംഗ് സപ്ലൈസ്, കോണ്‍ട്രാക്റ്റര്‍ സര്‍വീസുകള്‍ നീണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.