വാഷിംഗ്‌ടണ്‍: യുഎസില്‍ ടെക് ഭീമന്‍മാരായ ഇലോണ്‍ മസ്ക്- സാം ആള്‍ട്ട്മാന്‍ പോര് കടുക്കുന്നു. 97.4 ബില്യൺ ഡോളറിന് ഓപ്പൺ എഐ ഏറ്റെടുക്കാൻ താല്‍പര്യമറിയിച്ച മസ്കിന്‍റെ വാക്കുകളെ പരിഹസിച്ച ആള്‍ട്ട്‌മാന്‍, മസ്ക് സന്തുഷ്ടനായ വ്യക്തിയല്ല എന്നാണ് എനിക്ക് തോന്നുന്നത് എന്ന് ആഞ്ഞടിച്ചു. ഇലോണ്‍ മസ്കിന്‍റെ അരക്ഷിതാവസ്ഥയാണ് ഇത്തരം വിവേകശൂന്യമായ അവകാശവാദങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്നും സാം ആള്‍ട്ട്‌മാന്‍ വിമര്‍ശിച്ചു.
ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ ഉടമകളായ ഓപ്പൺ എഐയെ ഏറ്റെടുക്കാൻ നീക്കം നടത്തി ടെസ്‌ല സിഇഒ ഇലോൺ മസ്ക് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. 97.4 ബില്യൺ ഡോളറിന് കമ്പനിയെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് മസ്കും സംഘവും ഓപ്പൺ എഐയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി ഓപ്പൺ എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍ പിന്നാലെ രംഗത്തെത്തി. മസ്കിന്‍റെ ഓഫർ എക്സ് പോസ്റ്റിലൂടെ തള്ളിയ ആൾട്ട്മാൻ, വേണമെങ്കിൽ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിനെ (പഴയ ട്വിറ്റര്‍) 9.74 ബില്യൺ ഡോളറിന് ഏറ്റെടുക്കാമെന്ന് തിരികെ വെല്ലുവിളിക്കുകയായിരുന്നു. അമേരിക്കയിലെ അതിസമ്പന്നന്‍മാര്‍ തമ്മിലുള്ള ഈ പരസ്യ വെല്ലുവിളി തുടരുകയാണ്.
ഓപ്പണ്‍ എഐ വാങ്ങാന്‍ ഇലോണ്‍ മസ്കിന്‍റെ പ്രേരിപ്പിക്കുന്നത് അദേഹത്തിന്‍റെ അരക്ഷിതാവസ്ഥയാണ് എന്നാണ് സാം ആള്‍ട്ട്‌മാന്‍റെ പുതിയ പരിഹാസം. ഓപ്പണ്‍ എഐ വില്‍പ്പന ചരക്കല്ലെന്നും, വില്‍ക്കുക എന്നത് ഉദ്ദേശ്യമേ അല്ലായെന്നും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ആള്‍ട്ട്‌മാന്‍ പരസ്യമാക്കി. 'മിക്കവാറും ഇലോണ്‍ മസ്കിന്‍റെ ജീവിതമാകെ അരക്ഷിതാവസ്ഥ കൊണ്ട് നിറഞ്ഞതായിരിക്കും. അദേഹത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. മസ്കിനെ ഒരു സന്തുഷ്ടനായ വ്യക്തിയായി തോന്നുന്നില്ല. ഞങ്ങളെ ഒന്ന് ദുര്‍ബലമാക്കുന്നതിന് വേണ്ടിയാവണം മസ്ക് പ്രസ്താവനകള്‍ നടത്തുന്നത്. ഞങ്ങളുടെ എതിരാളിയാണല്ലോ അദേഹം. ചാറ്റ്ജിപിടിയെക്കാള്‍ മികച്ച എഐ ടൂള്‍ ഇറക്കി മത്സരിക്കുകയാണ് ഇലോണ്‍ മസ്ക് ചെയ്യേണ്ടത്. അതിന് പകരം അനവധി അന്യായങ്ങള്‍ അയച്ച് ചിരിപ്പിക്കുകയാണ് മസ്ക് എന്നും ആള്‍ട്ട്‌മാന്‍ അഭിമുഖത്തില്‍ തുറന്നടിച്ചു.
സ്പേസ് എക്സ്, ടെസ്‌ല, എക്സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ സിഇഒയായ ഇലോണ്‍ മസ്ക് തിങ്കളാഴ്‌ചയാണ് തന്‍റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യത്തിന് ഓപ്പണ്‍ എഐ വാങ്ങാന്‍ താല്‍പര്യമുള്ളതായി വ്യക്തമാക്കിയത്. 97.4 ബില്യണാണ് ഓപ്പണ്‍ എഐക്ക് മസ്ക് വിലയിട്ടത്. എന്നാല്‍ മസ്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍ ഇതിന് മറുപടി കൊടുക്കുകയായിരുന്നു. നിങ്ങള്‍ തയ്യാറെങ്കില്‍ എക്സ് 9.74 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ ഓപ്പണ്‍ എഐ തയ്യാറാണ് എന്നായിരുന്നു മസ്കിന് ആള്‍ട്ട്‌മാന്‍റെ മിന്നല്‍ മറുപടി.