ദിവസവും രാവിലെ ഒരു ടീസ്പൂൺ വെളുത്തുള്ളി ചേർത്ത തേൻ കഴിക്കൂ, അറിയാം ഗുണങ്ങള്‍

By: 600007 On: Feb 11, 2025, 2:05 PM

 

 

വെളുത്തുള്ളിയും തേനും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. വെളുത്തുള്ളിയിൽ ശക്തമായ ആന്‍റി ബാക്ടീരിയൽ, ആന്‍റി വൈറൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു സംയുക്തമായ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. അതേസമയം തേനിൽ ആന്‍റി ഓക്സിഡന്‍റുകള്‍, എൻസൈമുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ വെളുത്തുള്ളിയും തേനും ഒരുമിച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

വെളുത്തുള്ളിയും തേനും ചേർന്ന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾ, ജലദോഷം, പനി എന്നിവയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. വെളുത്തുള്ളിക്ക് ആന്‍റി മൈക്രോബിയൽ ഗുണങ്ങളുണ്ട്, അത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. തേൻ തൊണ്ടവേദനയെ ശമിപ്പിക്കുകയും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും രോഗപ്രതിരോധ കൂട്ടുകയും ചെയ്യും. ഇതിനായി ദിവസവും രാവിലെ ഒരു ടീസ്പൂൺ വെളുത്തുള്ളി ചേർത്ത തേൻ കഴിക്കാം.

2. ഹൃദയാരോഗ്യം

വെളുത്തുള്ളി ചേർത്ത തേൻ കഴിക്കുന്നത് ചീത്ത  കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി ദിവസവും ഒരു ടീസ്പൂൺ തേനും വെളുത്തുള്ളി പേസ്റ്റും കഴിക്കുകയോ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുകയോ ചെയ്യാം. 

3. ദഹനം, കുടലിന്‍റെ ആരോഗ്യം 

വെളുത്തുള്ളി ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു, തേൻ ഒരു പ്രകൃതിദത്ത പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. അതിനാല്‍ വെളുത്തുള്ളി ചേർത്ത തേൻ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. സന്ധി വേദന

വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സന്ധിയിലെ വീക്കം കുറയ്ക്കുന്നു.  തേൻ സന്ധിവേദനയ്ക്ക് ആശ്വാസം നൽകുന്നു. പേശിവേദനയ്ക്കും വെളുത്തുള്ളി ചേർത്ത തേൻ കഴിക്കാം. 

5. ശരീരഭാരം കുറയ്ക്കാൻ 

വെളുത്തുള്ളി ചേർത്ത തേൻ കഴിക്കുന്നത്  മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

6. ചർമ്മം 

വെളുത്തുള്ളി, തേൻ എന്നിവയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

7. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

വെളുത്തുള്ളി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. തേൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍  ഒരു ടീസ്പൂൺ വെളുത്തുള്ളി ചേർത്ത തേൻ കഴിക്കാം.