ഗായകന്‍ എഡ് ഷീരന്റെ സ്ട്രീറ്റിലെ പെര്‍ഫോമന്‍സ് നിര്‍ത്തിവെപ്പിച്ച് ബെംഗളൂരു പോലീസ് 

By: 600002 On: Feb 11, 2025, 11:47 AM

 


ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച സര്‍പ്രൈസായി പാടാനെത്തിയ പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്റെ പെര്‍ഫോമന്‍സ് തടഞ്ഞുവെച്ച് പോലീസ്. ആളറിയാതെ മൈക്കിന്റെ കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു ബെംഗളൂരു പോലീസ് പറഞ്ഞത്. നേരത്തെ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് എഡ് ഷീരന്റെ പാട്ട് ബെംഗളൂരു പോലീസ് തടസ്സപ്പെടുത്തിയത്. 

എഡ് ഷീരന്റെ പ്രസിദ്ധമായ 'ഷേപ്പ് ഓഫ് യൂ' പാടുന്നതിനിടെയാണ് പോലീസുകാരന്‍ വന്ന് പാട്ട് നിര്‍ത്താന്‍ പറഞ്ഞത്. എഡ് ഷീരാനാണെന്ന് പറയാന്‍ ശ്രമിച്ചെങ്കിലും പോലീസുകാരന്‍ കേട്ടില്ല. വന്നയുടന്‍ മൈക്കിലേക്കുള്ള കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരനും സംഘവും മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

അതേസമയം, താന്‍ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും സ്ഥലത്ത് പരിപാടി നടത്താന്‍ അനുമതി ലഭിച്ചിരുന്നുവെന്നും ഷീരന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരി 30 ന് പൂനെയില്‍ ആരംഭിച്ച എഡ് ഷീരന്റെ ഇന്ത്യന്‍ പര്യടനം ആറ് നഗരങ്ങളിലാണ് നടക്കുന്നത്. ഗ്രാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഗായകനാണ് എഡ് ഷീരന്‍.