കാനഡയില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകളുടെ എണ്ണത്തില്‍ വര്‍ധന

By: 600002 On: Feb 11, 2025, 11:06 AM

 


കാനഡയിലുടനീളം ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്‍ഫ്‌ളുവന്‍സ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ(പിഎച്ച്എസി) റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 1 വരെയുള്ള കണക്കനുസരിച്ച്, 21.2 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മുന്‍ ആഴ്ച ഇത് 16.91 ശതമാനമായിരുന്നു. 

കാനഡയില്‍ ഇന്‍ഫ്‌ളുവന്‍സ സീസണ്‍ സാധാരണയായി നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സീസണില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിച്ചതായി പിഎച്ച്എസി പറയുന്നു. ഈ സീസണില്‍ ഇന്‍ഫ്‌ളുവന്‍സ എ കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍ഫ്‌ളുവന്‍സ കേസുകളിലെ 95 ശതമാനവും ഇന്‍ഫ്‌ളുവന്‍സ എ മൂലമാണ്. ടൊറന്റോ, വാന്‍കുവര്‍ ഐലന്‍ഡ്, വാന്‍കുവര്‍ കോസ്റ്റല്‍, ഫ്രേസര്‍വാലി, വെസ്റ്റേണ്‍, മിഡില്‍ ക്യുബെക്ക് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.