ട്രംപിൻ്റെ അധിനിവേശ ഭീഷണികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഫ്രാൻസിലെ കനേഡിയൻ അംബാസഡർ സ്റ്റീഫൻ ഡിയോൺ

By: 600110 On: Feb 11, 2025, 9:45 AM

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അധിനിവേശ ഭീഷണികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫ്രാൻസിലെ കനേഡിയൻ അംബാസഡർ സ്റ്റീഫൻ ഡിയോൺ. അന്താരാഷ്ട്ര നിയമത്തെ ബഹുമാനിക്കുന്നതിനായി, അയൽരാജ്യങ്ങൾക്കെതിരെ അധിനിവേശ ഭീഷണി മുഴക്കരുതെന്ന് സ്റ്റീഫൻ ഡിയോൺ പറഞ്ഞു. 

കാനഡയിൽ നിന്നുള്ളതടക്കം എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ആയിരുന്നു അംബാസിഡറിൻ്റെ പ്രതികരണം. ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട ട്രംപിൻ്റെ പരാമർശത്തെക്കുറിച്ചുള്ള  ചോദ്യത്തിന്, ഇത്തരം ഭീഷണികൾ സാധാരണമല്ലെന്നും യുഎൻ ചാർട്ടറിൻ്റെ ലംഘനമാണെന്നും ഡിയോൺ പറഞ്ഞു. മറ്റൊരു രാജ്യത്തെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഡെൻമാർക്കിൻ്റെ ഭാഗമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ബലപ്രയോഗം നടത്താനുള്ള സാധ്യത തള്ളിക്കളയില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കാനഡയെ സംസ്ഥാനമായി കൂട്ടിച്ചേർക്കാൻ  സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ട്രംപിൻ്റെ പരാമർശങ്ങൾ വെറും തമാശയായി മാത്രം കാണുന്നില്ലെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആശങ്കയെക്കുറിച്ച് ചോദിച്ചപ്പോൾ, കാനഡ ഒരു യുഎസ് സംസ്ഥാനമായി മാറുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു  ട്രംപിൻ്റെ പ്രതികരണം