എയ്ഡ്‌സ് പദ്ധതിക്കുള്ള യുഎസ് പിന്തുണ ഉപേക്ഷിച്ചാൽ 2029 ആകുമ്പോഴേക്കും പുതിയ എച്ച്ഐവി അണുബാധിതരുടെ എണ്ണം ആറ് മടങ്ങ് വർദ്ധിക്കുമെന്ന് യുഎൻ എയ്ഡ്‌സ് ഏജൻസിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ വിന്നി ബയാനിമ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്നും രോഗത്തിൻ്റെ കൂടുതൽ പ്രതിരോധശേഷിയുള്ള വകഭേദങ്ങൾ ഉയർന്നു വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അസോസിയേറ്റ് പ്രസ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു, യുഎൻ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമയുടെ തുറന്നു പറച്ചിൽ. സമീപ കാലങ്ങളിൽ എച്ച്ഐവി അണുബാധ കുറയുന്നുണ്ട്. 2023ൽ വെറും 1.3 ദശലക്ഷം പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 1995ൽ വൈറസ് അതിൻ്റെ ഉച്ചസ്ഥായിയിലെത്തിയതിനു ശേഷം 60 ശതമാനത്തോളം കുറവാണിതെന്നും ബയാനിമ പറയുന്നു. എന്നാൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തോടെ, 90 ദിവസത്തിനകം എല്ലാ വിദേശ സഹായങ്ങളും മരവിപ്പിക്കപ്പെടാനാണ് സാധ്യത. ഇതിൻ്റെ ഫലമായി 2029 ആകുമ്പോഴേക്കും 8.7 ദശലക്ഷം ആളുകൾക്ക് പുതുതായി എച്ച്ഐവി ബാധിക്കുമെന്നും എയ്ഡ്‌സ് സംബന്ധമായ മരണങ്ങളിൽ പത്തിരട്ടി വർധനവുണ്ടാകുമെന്നും കണക്ക് കൂട്ടപ്പെടുന്നു. ഒരു സർക്കാരിനെയും നയങ്ങളെ വിമർശിക്കാൻ തനിക്ക് ഉദ്ദേശമില്ല. പക്ഷെ അമേരിക്കൻ സർക്കാർ മനസ്സ് മാറ്റുകയും നേതൃത്വം നിലനിർത്തുകയും ചെയ്തില്ലെങ്കിൽ ഇത് നിരവധി ജീവൻ നഷ്ടപ്പെടുത്തുമെന്നും വിന്നി ബയാനിമ പറഞ്ഞു.