പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എന്‍ഡിപി; ടെസ്ല കാറുകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തും

By: 600002 On: Feb 11, 2025, 9:04 AM

 

 

 

തിങ്കളാഴ്ച പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എന്‍ഡിപി പാര്‍ട്ടി. തന്റെ പാര്‍ട്ടി അധികാരത്തിലേറിയാല്‍ ടെസ്ല ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് എന്‍ഡിപി ലീഡര്‍ ജഗ്മീത് സിംഗ് പറഞ്ഞു. കനേഡിയന്‍ നിര്‍മ്മിത ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കാനും കനേഡിയന്‍ ഓട്ടോ തൊഴിലാളികളെയും ജോലികളെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഇതുവഴി കനേഡിയന്‍ നിര്‍മ്മിത ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10,000 ഡോളര്‍ വരെ റിബേറ്റ് ലഭിക്കും. 

ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ആണ്. കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഉത്തരവിനെ പിന്തുണയ്ക്കുന്ന മസ്‌കിന് കനത്ത തിരിച്ചടി നല്‍കാനാണ് കാനഡയുടെ തീരുമാനമെന്നാണ് ജഗ്മീത് സിംഗിന്റെ പ്രഖ്യാപനത്തോടെ പുറത്തുവരുന്നത്. നേരത്തെ കാനഡ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ച് ഉറപ്പായും പ്രത്യാക്രമണം ഉണ്ടായിരിക്കുമെന്ന് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കഴിഞ്ഞ മാസം ഫണ്ടിംഗ് പ്രശ്‌നങ്ങള്‍ കാരണം നിര്‍ത്തലാക്കിയ ഇലക്ട്രിക് വാഹനങ്ങളുടെ പര്‍ച്ചേസിനുള്ള ഫെഡറല്‍ പ്രോത്സാഹന പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും ജഗ്മീത് സിംഗ് പറഞ്ഞു. കനേഡിയന്‍ നിര്‍മിത ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുവാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.