സ്‌റ്റീലിനും അലൂമിനിയത്തിനും ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു

By: 600110 On: Feb 11, 2025, 8:24 AM

 

ആഗോളതലത്തില്‍ പുതിയ വ്യാപാര യുദ്ധത്തിന് കളമൊരുക്കി സ്‌റ്റീലിനും അലൂമിനിയത്തിനും ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. 25 ശതമാനം ഇറക്കുമതി തീരുവയാണ്  ഏര്‍പ്പെടുത്തിയത്. കാനഡ, മെക്‌സിക്കോ, ചൈന ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാകും. ഈ രാജ്യങ്ങള്‍ക്കുള്ള ഇളവുകളും ഡ്യൂട്ടി ഫ്രീ ക്വാട്ടകളും റദ്ദാക്കിക്കൊണ്ടാണ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത് . 

സ്‌റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഉത്തരവില്‍ ഒപ്പുവച്ചതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. സ്‌റ്റീലിനും അലൂമിനിയത്തിനും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചത്. മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന നികുതി നിരക്കുകൾക്ക് തുല്യമായി യുഎസ് നികുതി ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. "മറ്റ് രാജ്യങ്ങള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുകയാണെങ്കില്‍, നമ്മള്‍ അവരില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് സ്‌റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് പത്ത് ശതമാനവും നികുതി ചുമത്തിയിരുന്നു. എന്നാല്‍ പിന്നീട് മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (എഐഎസ്ഐ) കണക്കുകള്‍ പ്രകാരം അമേരിക്കയിലേക്ക് ഏറ്റവുമധികം സ്റ്റീല്‍ കയറ്റിയയക്കുന്ന രാജ്യം കാനഡയാണ്.  ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് കാനഡയ്‌ക്ക് പിന്നിലുള്ള രാജ്യങ്ങള്‍