പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളില്‍ വച്ച് ക്ലിക്ക്; എക്കാലത്തെയും മികച്ച സെല്‍ഫിയുമായി സുനിത വില്യംസ്

By: 600007 On: Feb 11, 2025, 8:06 AM

 

ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശയാത്രിക സുനിത വില്യംസും അവരുടെ ബഹിരാകാശ പങ്കാളിയായ ബുച്ച് വിൽമോറും നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. അടുത്തിടെ വിൽമോറിനൊപ്പം സുനിത വീണ്ടുമൊരു ഒരു ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി. സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഇതിനിടയിൽ സുനിത ഒരു സെൽഫി എടുത്തു. ലോകത്തെ അമ്പരപ്പിക്കുന്ന ആ സെൽഫി ഇപ്പോൾ നാസ പുറത്തുവിട്ടു. ഈ സെൽഫിയിൽ, ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാം.

ഐഎസ്എസിന് പുറത്തെ ബഹിരാകാശ നടത്തത്തിനിടെ സുനിത എടുത്ത സെൽഫി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവച്ചത്. ഈ സെല്‍ഫിയെ 'ദി അൾട്ടിമേറ്റ് സെൽഫി' എന്നാണ് നാസ വിളിച്ചത്. ഈ ചിത്രം ജനുവരി 30 നാണ് സുനിത വില്യംസ് എടുത്തത്. ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ബഹിരാകാശ നിലയം (ISS) പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിലായിരുന്നു.

നാസ പറയുന്നത് ഇങ്ങനെ

2025 ജനുവരി 30 ന് പസഫിക് സമുദ്രത്തിന് മുകളിൽ 263 മൈൽ (423 കിലോമീറ്റർ) ഉയരത്തിൽ ഐ‌എസ്‌എസ് പരിക്രമണം ചെയ്യുമ്പോഴാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നത് എന്ന് നാസ പറയുന്നു. സുനിത വില്യംസിന്‍റെ ഒമ്പതാമത്തെ ബഹിരാകാശയാത്രയ്ക്കിടെയാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നതെന്നും നാസ വ്യക്തമാക്കി. 5.5 മണിക്കൂർ നീണ്ടുനിന്ന ഈ ഒമ്പതാം ബഹിരാകാശ നടത്തത്തിനിടെ, സുനിത വില്യംസും സഹ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിന്‍റെ പുറംഭാഗത്ത് നിന്നും ചില ഉപകരണങ്ങൾ നീക്കം ചെയ്യുകയും ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ വെന്‍റിനടുത്ത് നിന്ന് ചില ഉപരിതല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതായും നാസ പറഞ്ഞു.