സമീപകാല വ്യോമയാന ദുരന്തങ്ങൾ വിമാനയാത്രയുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. അടുത്തടുത്ത ഇടവേളകളിൽ ഒന്നിലധികം ദുരന്തങ്ങളുണ്ടായതാണ് ഇതുമായി ബന്ധപ്പെട്ട ആശങ്ക വർദ്ധിപ്പിക്കാൻ കാരണമായത്.
വാഷിംഗ്ടണിനടുത്ത് 67 പേരുടെ മരണത്തിനിടയാക്കിയ ആകാശ കൂട്ടിയിടിയും ഫിലാഡൽഫിയയിൽ വിമാനത്തിന് തീപിടിച്ചതും അലാസ്കയിൽ വിമാനം കാണാതായതും എല്ലാം സമീപകാലത്തുണ്ടായ വലിയ ദുരന്തങ്ങളാണ്. വിമാനത്താവളങ്ങളിലെ കാലഹരണപ്പെട്ട എയർ ട്രാഫിക് കൺട്രോൾ സിസ്റ്റമാണ് ആകാശത്തെ കൂട്ടിയിടിക്ക് കാരണമെന്ന് വ്യാഴാഴ്ച പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അത് മാറ്റിസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ആകാശത്ത് വെച്ച് നടന്ന കൂട്ടിയിടിയെക്കുറിച്ച് അസ്വസ്ഥത ഉളവാക്കുന്ന വെളിപ്പെടുത്തലുകൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണ ഏജൻസികളുടെ പൂർണ്ണമായ റിപ്പോർട്ട് ലഭിക്കാൻ പലപ്പോഴും ഒരു വർഷത്തിലധികം എടുക്കും. അപകടങ്ങൾ വീണ്ടും സംഭവിക്കുന്നത് തടയാൻ സ്വീകരിക്കാവുന്ന നടപടികൾ NTSB എപ്പോഴും ശുപാർശ ചെയ്യാറുണ്ട്. എന്നാൽ സർക്കാർ ഏജൻസികളും വ്യവസായങ്ങളും ഇത്തരം നിർദ്ദേങ്ങൾ അവഗണിച്ചതിൻ്റെ നീണ്ട പട്ടികയും ഏജൻസിയുടെ പക്കലുണ്ട്.