കാനഡയെ 51ആമത് സംസ്ഥാനം ആക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് കാനഡ പ്രിയപ്പെട്ട രാജ്യമെന്ന് ട്രംപ് പറഞ്ഞത്. തൊട്ടു പിറകെയാണ് യുഎസിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കുമെന്നുള്ള പ്രഖ്യാപനവും ട്രംപ് നടത്തിയത്.
ഞായറാഴ്ച ഒരു അഭിമുഖത്തിൽ ഫോക്സ് ന്യൂസ് അവതാരകൻ ബ്രെറ്റ് ബെയറിനോട് സംസാരിക്കവേ ആണ് പിടിച്ചെടുക്കൽ ഭീഷണിയെക്കുറിച്ചുള്ള ട്രൂഡോയുടെ അഭിപ്രായങ്ങൾ യാഥാർത്ഥ്യമാണോ എന്ന് ട്രംപിനോട് ചോദിച്ചത്.
അതെ എന്നാണ് ട്രംപ് മറുപടി നൽകിയത്. കാനഡ 51ആമത്തെ സംസ്ഥാനമാകുന്നതാണ് കൂടുതൽ നല്ലതെന്ന് താൻ കരുതുന്നു. കാരണം കാനഡയുമായുള്ള വിവിധ കരാറുകളിലൂടെ പ്രതിവർഷം 200 ബില്യൺ ഡോളറാണ് അമേരിക്ക നഷ്ടപ്പെടുത്തുന്നത്. അത് സംഭവിക്കാൻ താൻ അനുവദിക്കില്ലെന്നും അത് വളരെ കൂടുതലാണെന്നുമായിരുന്നു ട്രംപിൻ്റെ മറുപടി. കാനഡ യുഎസിൻ്റെ ഭാഗമായാൽ കനേഡിയൻ പൌരന്മാർക്ക് നികുതിയുടെ പകുതിയിൽ താഴെ മാത്രമേ നൽകേണ്ടി വരൂ എന്നും ട്രംപ് അവകാശപ്പെട്ടു. കാനഡയിലെ ജനങ്ങളെ ഞാൻ സ്നേഹിക്കുന്നു. ഞങ്ങൾക്കിടയിൽ വലിയൊരു ബന്ധമുണ്ട്. അവർ 51ആമത്തെ സംസ്ഥാനമായാൽ, അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അത്. അതൊരു പ്രിയപ്പെട്ട സംസ്ഥാനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു