യുഎസിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

By: 600110 On: Feb 10, 2025, 2:37 PM

 

യുഎസിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്കു പുറമേ 25 ശതമാനം തീരുവ കൂടി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. എല്ലാ തരത്തിലുമുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കാണ് വർദ്ധന പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്കും ബാധകമാകും.15 ദിവസത്തിനകം തീരുവ പ്രാബല്യത്തിൽ വരും

ന്യൂ ഓർലിയാൻസിലെ എൻ‌എഫ്‌എൽ സൂപ്പർ ബൗളിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച  മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ചൊവ്വാഴ്ച തന്നെ പരസ്പര താരിഫുകൾ പ്രഖ്യാപിക്കുമെന്നും അത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞു.  മറ്റ് ലോഹങ്ങൾക്കുള്ള താരിഫുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. കാനഡ, ബ്രസീൽ, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നാണ് യുസിലേക്ക് കൂടുതൽ സ്റ്റീൽ ഇറക്കുമതി ചെയ്യുന്നത്. അലുമിനിയം ഇറക്കുമതിയുടെ 79 ശതമാനം  കാനഡയിൽ നിന്നാണ്. കാനഡയെ അമേരിക്കയുടെ 51ആം സംസ്ഥാനമായി കാണാനാണ് ഇഷ്ടമെന്ന പ്രസ്താവനയും ട്രംപ് ആവർത്തിച്ചു. കാനഡയ്ക്കുള്ള  സബ്സിഡിയെന്ന നിലയിൽ അമേരിക്കയ്ക്ക് ഓരോ വർഷവും 200 ബില്യൻ ഡോളർ നഷ്ടമാകുന്നുണ്ടെന്നാണ് ട്രംപിൻ്റെ വാദം. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി 94.4 ബില്യൻ ഡോളറാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി