അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ യുവാക്കളെയും വഹിച്ചുകൊണ്ട് സൈനിക വിമാനം ബുധനാഴ്ച ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ വിമാനത്തില്‍ നിന്നും യുവാക്കള്‍ക്കൊപ്പം അവരുടെ തകര്‍ന്ന സ്വപ്‌നങ്ങളും കൂടെയുണ്ടായിരുന്നു. വീടും ഭൂമിയും ഉള്‍പ്പെടെ ആകെയുള്ള സമ്പാദ്യം മുഴുവനും വിറ്റാണ് പലരും അമേരിക്കയിലേക്ക് ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായി ചേക്കേറിയത്. എന്നാല്‍ ഒരുനിമിഷം കൊണ്ട് എല്ലാം തകരുകയായിരുന്നു. ഹരിയാനയില്‍ നിന്നുള്ള 33 പേരില്‍ കല്‍റോണ്‍ എന്ന ഗ്രാമത്തില്‍ നിന്നും നിറയെ സ്വപ്‌നങ്ങളുമായി യാത്ര തിരിച്ച 20കാരനായിരുന്നു ആകാശ്. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള ആകാശിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കുടുംബം ഭൂമിയും സമ്പാദ്യവും വിറ്റു. ആകാശിലൂടെ കുടുംബം രക്ഷപ്പെടുമെന്ന് അവര്‍ പ്രതീക്ഷിച്ചു.
നേരിട്ട് മെക്‌സിക്കോയിലെത്തി അവിടെ നിന്നും യുഎസില്‍ എത്തിക്കാമെന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനം. ഏജന്റിന് മൊത്തം 72 ലക്ഷം രൂപ നല്‍കി. തുടര്‍ന്ന് മറ്റ് ചെലവുകള്‍ക്കായി ഏഴ് ലക്ഷം രൂപ വരെ നല്‍കി. നാടുകടത്തലിനെക്കുറിച്ച് തങ്ങള്‍ ബുധനാഴ്ച മാത്രമാണ് അറിഞ്ഞതെന്ന് ആകാശിന്റെ സഹോദരന്‍ ശുഭം പറയുന്നു. ഇത് തങ്ങള്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണെന്ന് ശുഭം പറയുന്നു. നേരായ വഴിയിലൂടെ അമേരിക്കയിലേക്ക് എത്തിക്കേണ്ടതിന് പകരം ഒന്നിലധികം വിമാനങ്ങളില്‍, കണ്ടെയ്‌നറുകളില്‍, ട്രക്കുകളില്‍ തുടങ്ങി പനാമയിലെ കാടുകളിലൂടെ അപകടകരമായ റൂട്ടുകളിലൂടെയാണ് ആകാശിനെ ഏജന്റ് എത്തിച്ചതെന്ന് ആരോപിക്കുന്നു. കാടുകള്‍ക്കിടയിലൂടെയുള്ള തന്റെ യാത്രയുടെ ചില ദൃശ്യങ്ങള്‍ ആകാശ് പങ്കുവെച്ചിരുന്നുവെന്നും അത് പേടിപ്പെടുത്തുന്നവയാണെന്നും ശുഭം പറഞ്ഞു.
ആകാശിന് നേരിട്ടത് പോലുള്ള ദുരനുഭവം മറ്റ് യുവാക്കള്‍ക്കും ഉണ്ടായി. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും സ്വപ്‌നങ്ങളും പേറി സന്തോഷത്തോടെ യാത്ര തിരിച്ച നിരവധി പേരാണ് തിരിച്ച് പ്രതീക്ഷകളെല്ലാം വറ്റി രാജ്യത്തേക്ക് തിരിച്ചെത്തിയത്.