നിയമവിരുദ്ധമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രാദേശിക മദ്യം കഴിച്ച് വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അപകടം സംഭവിക്കുന്ന പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്ക് അവധിയാഘോഷത്തിന് പോകുന്ന ആളുകള്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കുകയാണ് യുകെ വിദേശകാര്യ ഓഫീസ്. പ്രാദേശിക സ്പിരിറ്റ് കുടിച്ച് ആളുകള്‍ മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലാണ് സുരക്ഷാ ഉപദേശം നല്‍കിയിരിക്കുന്നത്. ഏകദേശം 226 രാജ്യങ്ങളിലേക്ക് ട്രാവല്‍ അപ്‌ഡേറ്റ് നല്‍കുന്ന ഫോറിന്‍ ഓഫീസ്, യുകെയില്‍ നിന്നും തുര്‍ക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ ലൈസന്‍സുള്ള മദ്യവില്‍പ്പനശാലകളില്‍ നിന്നും ബാറുകളില്‍ നിന്നുമുള്ള മദ്യം മാത്രമേ ഉപയോഗിക്കാവൂ എന്നും ലേബലുകളും സീലുകളും കൃത്രിമമല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. അടുത്തിടെ തുര്‍ക്കിയില്‍ വ്യാജമദ്യം കഴിച്ച് നൂറിലധികം പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അങ്കാറ, ഇസ്താംബൂള്‍ ഉള്‍പ്പെടെ തുര്‍ക്കിയില്‍ പലയിടങ്ങളിലായി അനധികൃതമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രാദേശിക സ്പിരിറ്റുകളും ബ്രാന്‍ഡഡ് മദ്യത്തിന്റെ വ്യാജ പേരിലുള്ള ബോട്ടിലുകളിലെ മദ്യവും കഴിച്ച് ആളുകള്‍ക്ക് മരണം സംഭവിക്കുകയോ ഗുരുതര അസുഖം ബാധിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഫോറിന്‍ ഓഫീസ് വെബ്‌സൈറ്റ് പ്രസ്താവനയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് ഓഫീസ് വ്യക്തമാക്കുന്നു. തുര്‍ക്കിയിലെ സാഹചര്യങ്ങളും സ്ഥിതിയും കൂടുതല്‍ മനസ്സിലാക്കാനും എന്തൊക്കെ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും അറിയാനായി ഫോറിന്‍ ഓഫീസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.