വെടിനിർത്തൽ വിജയകരമായി മുന്നോട്ട്, ഗാസയെ വിഭജിക്കുന്ന നെറ്റ്‍സാരിം ഇടനാഴിയിൽ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങി

By: 600007 On: Feb 10, 2025, 4:24 AM

 

ജറുസലേം: ഗാസയെ വിഭജിക്കുന്ന നെറ്റ്‍സാരിം ഇടനാഴിയിൽ നിന്നും പിൻവാങ്ങി ഇസ്രയേൽ സൈന്യം. ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഇന്നലെയും 3 ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. പകരമായി 183 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നുകൊണ്ട് ഇസ്രയേൽ സൈന്യം നെറ്റ്‍സാരിം ഇടനാഴിയിൽ നിന്നും പിൻവാങ്ങാൻ തീരുമാനിച്ചത്.

അതിനിടെ സൗദി അറേബ്യക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങൾ രംഗത്തെത്തി. എത്ര കാലമെടുത്താലും ഒരാൾക്കും പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനാവില്ലെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവനയോടുള്ള സൗദിയുടെ പ്രതികരണം. പലസ്തീനികൾക്ക് അവരുടെ മണ്ണുമായുള്ള ബന്ധം അത് കൈയേറുന്നവർക്ക് മനസ്സിലാകില്ലെന്നും സൗദി പറഞ്ഞു. ഇത്തരം ചിന്താഗതിക്കാരാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നുവെന്നും യു എ ഇ വ്യക്തമാക്കി. ആശങ്കകൾ ചർച്ച ചെയ്യാൻ ഈ മാസം 27 ന് ഈജിപ്തിൽ ഉച്ചകോടി ചേരാനും അറബ് രാഷ്ട്രങ്ങൾ തീരുമാനിച്ചിട്ടുണ്ട്.