പ്രവിശ്യയുടെ 2025 ബജറ്റില്‍ കാല്‍ഗറി പോലീസ് സര്‍വീസിന് 28 മില്യണ്‍ ഡോളറിന്റെ കുറവുണ്ടെന്നും സാമ്പത്തിക തകര്‍ച്ച പരിഹരിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പ്രവിശ്യാ സര്‍ക്കാര്‍ ഓട്ടോമാറ്റിക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്-ഫോട്ടോ റഡാര്‍ പിന്‍വലിക്കുന്നതാണ് സാമ്പത്തിക ആഘാതത്തിന് ആക്കം കൂട്ടുന്നതെന്ന് ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ പോലീസ് ചീഫ് മാര്‍ക്ക് ന്യൂഫെല്‍ഡ് പറയുന്നു. തല്‍ഫലമായി കാല്‍ഗറി പോലീസ് സര്‍വീസ് യാത്രകള്‍, ട്രെയ്‌നിംഗ് എന്നിവ പരിമിതപ്പെടുത്തുകയും സിവിലിയന്‍ നിയമനങ്ങള്‍ മരവിപ്പിക്കുകയും ചെയ്യുകയാണ്.
ഫോട്ടോ റഡാര്‍ പിന്‍വലിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് കാല്‍ഗറി പോലീസ് സര്‍വീസ് പറയുന്നു. ആല്‍ബെര്‍ട്ട അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പോലീസ് പ്രസിഡന്റായ ന്യൂഫെല്‍ഡ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഫോട്ടോ റഡാറുകള്‍ അപകടങ്ങളും കൂട്ടിയിടികളും തടയുന്നതിനും നിരത്തുകളില്‍ സുരക്ഷ ഒരുക്കുന്നതിനും സഹായിക്കുന്നുവെന്ന് വാദിക്കുന്നവരാണ്. എന്നാല്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ഇത് ചെലവ് കൂടുതലാണെന്ന കാരണത്താല്‍ റദ്ദാക്കുകയാണ് ചെയ്യുന്നത്.