നാഷണൽ ഹോക്കി ലീഗിൽ, കനേഡിയൻ ദേശീയ ഗാനാലാപനത്തിനിടെ കൂവലുയർന്നതായി ആരോപണം

By: 600110 On: Feb 5, 2025, 2:58 PM

 

നാഷണൽ ഹോക്കി ലീഗിലെ കനേഡിയൻ ദേശീയ ഗാനാലാപനത്തിനിടെ കൂവലുയർന്നതായി ആരോപണം. ഓട്ടവ സെനറ്റേഴ്സും നാഷ്വൈൽ പ്രിഡേറ്റേഴ്സും തമ്മിലുള്ള മല്സരത്തിനു മുൻപുള്ള ദേശീയ ഗാനാലാപനത്തിനിടെയാണ് കൂവലുയർന്നത്. ഡൊണാൾഡ് ട്രംപിൻ്റെ അധിക നികുതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

കനേഡിയൻ ദേശീയ ഗാനാലാപനം തുടങ്ങിയപ്പോൾ കൂവലുയർന്നെങ്കിലും ഉടൻ തന്നെ അത് നിർത്തിയെന്നാണ് റിപ്പോർട്ട്. മല്സരത്തിൽ ഓട്ടവ സെനറ്റേഴ്സ് 5-2ന് ജയിച്ചു. ദേശീയ ഗാനത്തിനെതിരെ കൂവലുയർന്ന സംഭവത്തിൽ നാഷ്വൈൽ പ്രിഡേറ്റേഴ്സ് കോച്ച് ആൻഡ്രൂ ബ്രൂണെറ്റ് നിരാശ പ്രകടിപ്പിച്ചു. അമേരിക്കൻ - കനേഡിയൻ ടീമുകൾ പങ്കെടുക്കുന്ന നാഷണൽ ഹോക്കി ലീഗിന് നൂറ് വർഷത്തെ പാരമ്പര്യമുണ്ട്. അവിടെ ഇത്തരം സംഭവങ്ങൾക്ക് സ്ഥാനമില്ലെന്നും  ആൻഡ്രൂ ബ്രൂണെറ്റ് പറഞ്ഞു.അതൃപ്തി പ്രകടിപ്പിക്കാനുള്ള സമയമല്ല ദേശീയ ഗാനങ്ങളെന്ന് പ്രിഡേറ്റേഴ്സ് ഫോർവേഡ് ജൊനാഥൻ മാർഷെസ്വാൾട്ടും വ്യക്തമാക്കി.