അർഹരായ ഒൻ്റാരിയോക്കാർക്ക് സർക്കാർ നൽകുന്ന 200 ഡോളർ റിബേറ്റ് ചെക്കുകളുടെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി ഒൻ്റാരിയോ സർക്കാർ മുന്നറിയിപ്പ് നൽകുന്നു . സർക്കാരിൻ്റെ റിബേറ്റ് വെബ്‌പേജിൽ ചെക്കുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്ന "സ്കാം അലേർട്ട്" കൊടുത്തിട്ടുണ്ട്.
തട്ടിപ്പിൻ്റെ ഭാഗമായി സർക്കാരിൽ നിന്നെന്ന വ്യാജേന വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളുമാണ് ആവശ്യപ്പെടുക. ഇല്ലാത്ത റിബേറ്റുകളുടെ പേരിൽ വ്യാജ റിവാർഡുകളും വാഗ്ദാനം ചെയ്യും. ഈ തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് സർക്കാർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. റീബേറ്റുകൾ ചെക്ക് വഴി മാത്രമേ നൽകുന്നുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി. ഇ മെയിൽ, ഫോൺ കോൾ എന്നിവ വഴി സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ)എന്നിവ ആവശ്യപ്പെടില്ലെന്നും , ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിലുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സർക്കാർ റിബേറ്റ് ചെക്കുകൾ പ്രഖ്യാപിച്ചത്. പദ്ധതിക്കായി മൂന്ന് ബില്യൻ ഡോളറോളമാണ് സർക്കാരിന് ചെലവ് വരിക. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് റിബേറ്റ് ചെക്കുകൾ പ്രഖ്യാപിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.