ഹോംകെയര്‍ ജീവനക്കാര്‍ക്കായി പുതിയ പെര്‍മനന്റ് റെസിഡന്‍സ് പാത്ത്‌വേ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ച് കാനഡ 

By: 600002 On: Feb 5, 2025, 10:45 AM

 


ഹോംകെയര്‍ ജീവനക്കാര്‍ക്കായി പുതിയ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം മാര്‍ച്ച് 31 ന് ആരംഭിക്കുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC)  അറിയിച്ചു. 'ഹോംകെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ്‌സ്' എന്നാണ് ഐആര്‍സിസി പൈലറ്റ് പ്രോഗ്രാമിനെ വിശേഷിപ്പിക്കുന്നത്. ഈ പൈലറ്റ് പ്രോഗ്രാമുകള്‍ കെയര്‍ഗിവേഴ്‌സിനുള്ള കാലഹരണപ്പെട്ട മുന്‍ പെര്‍മനന്റ് പാത്ത്‌വേകള്‍ക്ക് പകരമാണ്. അര്‍ഹതപ്പെട്ട ഹോം കെയര്‍ ജീവനക്കാര്‍ക്ക് ഈ പുതിയ പാത്ത്‌വേയിലൂടെ സ്ഥിരതാമസാനുമതി ലഭിക്കും. 2024 ജൂണ്‍ 3 നാണ് ഹോംകെയര്‍ ജീവനക്കാര്‍ക്കായി പുതിയ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാനുള്ള പദ്ധതി ഐആര്‍സിസി പ്രഖ്യാപിച്ചത്. 

കെയര്‍ വര്‍ക്കര്‍ പൈലറ്റ് പ്രോഗ്രാമുകള്‍ക്ക് യോഗ്യത നേടുന്നതിന് വിദേശ പൗരന്മാര്‍ക്ക് നിര്‍ബന്ധമായും കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച്മാര്‍ക്ക്(CLB) സ്‌കെയില്‍ അടിസ്ഥാനമാക്കി ലെവല്‍ 4 ന് തുല്യമായ ഔദ്യോഗിക ഭാഷാ നൈപുണ്യം ഉണ്ടായിരിക്കണം. കനേഡിയന്‍ ഹൈസ്‌കൂള്‍ ഡിപ്ലോമയ്ക്ക് തുല്യമായ യോഗ്യത നേടണം. സമീപകാല പ്രവൃത്തിപരിചയം നിര്‍ബന്ധം. ഒരു ഹോംകെയര്‍ ജോലിക്ക് ഫുള്‍-ടൈം എംപ്ലോയ്‌മെന്റ് ഓഫര്‍ സ്വീകരിച്ചവരായിരിക്കണം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. 

2024 ജൂണ്‍ 16 മുതല്‍ മുന്‍ ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്ക് സ്ഥിരതാമസത്തിന് യോഗ്യത നേടുന്നതിന് 6 മാസത്തെ പ്രവൃത്തിപരിചയം മാത്രമേ ആവശ്യമുള്ളൂ. കൂടുതല്‍ വിശദാംശങ്ങളും ആവശ്യകതകളും ഐആര്‍സിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.