ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി കാനഡ. കിഴക്ക് മണല്‍ത്തീരങ്ങള്‍ മുതല്‍ പടിഞ്ഞാറ് മനോഹരങ്ങളായ പര്‍വതങ്ങള്‍ വരെ കാനഡയുടെ പ്രകൃതിഭംഗിയും മാനോഹാരിതയും വിളിച്ചോതുന്ന ഘടകങ്ങള്‍ ഏറെയാണ്. പ്രശസ്ത ലക്ഷ്വറി ട്രാവല്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ മാഗസിനായ കോണ്ടെ നാസ്റ്റ് ട്രാവലര്‍(Conde Nast Traveler) പുറത്തിറക്കിയ 40 രാജ്യങ്ങളുടെ പട്ടികയിലാണ് കാനഡ ഉള്‍പ്പെട്ടിരിക്കുന്നത്. കാനഡയിലെ അതിമനോഹരങ്ങളായ സ്ഥലങ്ങളാണ് രാജ്യത്തെ ഏറ്റവും മികച്ചതാക്കുന്നതെന്ന് കോണ്ടേ നാസ്റ്റ് ട്രാവലര്‍ പറയുന്നു.
ദേശീയോദ്യാനങ്ങള്‍, മഞ്ഞുമൂടിയ പര്‍വ്വതനിരകള്‍, തടാകങ്ങള്‍ തുടങ്ങി കാനഡയെ പ്രകൃതി സുന്ദരിയാക്കി മാറ്റുന്നുവെന്ന് മാഗസിന്‍ പറയുന്നു. രാജ്യത്തെ 48 ലധികം ദേശീയ പാര്‍ക്കുകള്‍ സന്ദര്‍ശിക്കേണ്ടവയാണ്. പ്രകൃതിഭംഗി ആസ്വദിക്കാനും ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി ശാന്തമായ ഒരിടം ഇവിടങ്ങളില്‍ കണ്ടെത്താം. ആല്‍ബെര്‍ട്ടയിലെ ശാന്തമായ ബാന്‍ഫ് നാഷണല്‍ പാര്‍ക്ക് മുതല്‍ യുക്കോണിന്റെ അറ്റത്തുള്ള ക്ലുവാന്‍ വരെ വിവിധ പാര്‍ക്കുകളും വനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണെന്ന് മാഗസിന്‍ അഭിപ്രായപ്പെടുന്നു.
മെക്‌സിക്കോ, ഇന്ത്യ, സ്‌പെയിന്‍, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ആദ്യനിരയില്‍ ഇടംനേടിയിട്ടുണ്ട്.