വൈകല്യമുണ്ടെങ്കിലും ജോലി ചെയ്യാൻ ശേഷിയും താല്പര്യവുമുള്ളവർക്കായി പുതിയ സാമൂഹിക സഹായ പരിപാടിയുമായി ആൽബർട്ട സർക്കാർ. നിലവിലുള്ള ആനുകൂല്യങ്ങളും സർക്കാർ പിന്തുണകളും നഷ്ടപ്പെടാതെ തന്നെ വൈകല്യമുള്ളവർക്ക് ജോലിയിൽ ചേരാനും തുടരാനും സഹായിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2026-ൽ ആൽബെർട്ട ഡിസെബിലിറ്റി അസിസ്റ്റൻസ് പ്രോഗ്രാം എന്ന പുതിയ സാമൂഹിക സഹായ പദ്ധതി ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസ സാമ്പത്തിക, ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്ന
അഷ്വേർഡ് ഇൻകം ഫോർ ദി സീരിയസ്ലി ഹാൻഡിക്യാപ്പ്ഡ് പ്രോഗ്രാം അല്ലെങ്കിൽ AISH ഇപ്പോൾ ആൽബർട്ടയിൽ നിലവിലുണ്ട്. ഇതിന് സമാനമായിരിക്കും പുതിയ പദ്ധതിയെന്നും AISHമായി യോജിച്ചായിരിക്കും പുതിയ പദ്ധതി നടപ്പാക്കുകയെന്നും കമ്മ്യൂണിറ്റി ആൻഡ് സോഷ്യൽ സർവീസസ് മന്ത്രി ജേസൺ നിക്സൺ പറഞ്ഞു. പുതിയ പരിപാടി പ്രതിമാസ സാമ്പത്തിക, ആരോഗ്യ ആനുകൂല്യങ്ങളും നൽകും. AISH സ്വീകരിക്കുന്നവരുടെ വരുമാനം ഒരു പരിധിയിൽ കൂടിയാൽ അവരുടെ ആനുകൂല്യങ്ങളിൽ ചിലത് നഷ്ടപ്പെടുന്ന അവസ്ഥ നിലവിലുണ്ട്. ദീർഘകാലമായി നിലനില്ക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നിക്സൺ പറഞ്ഞു.